വിമാനത്തിലെ പരിചയം, ഗോവയിലെത്തിയ യുവതിയെ റിസോർട്ടിൽ ക്ഷണിച്ച് പീഡനം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

പനാജി: ഗോവയിൽ വിനോദ സഞ്ചാരിയായ യുവതിയ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. വടക്കേ ഗോവയിൽ ഓഗസ്റ്റ് 23നായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ 47കാരനായ ലക്ഷ്മൺ ശിയാറിനെ ഗോവപോലീസ് അറസ്റ്റ് ചെയ്തു. യുവതിയും ലക്ഷ്മണും തമ്മിൽ നേരത്തെ തന്നെ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും വിമാനത്തിൽവെച്ച് കണ്ടുമുട്ടുകയും പരസ്പരം നമ്പർ കൈമാറുകയും ചെയ്തു. പിന്നീട് ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച യുവതിയും ലക്ഷ്മണും വേറെവേറെയായി ഗോവ സന്ദർശിക്കാനെത്തിയതായിരുന്നു. ഓഗസ്റ്റ് 23ന് ലക്ഷ്മൺ യുവതിയ്ക്ക് ഫോൺവിളിച്ചു. തുടർന്ന് ഗോവയിൽ താൻ താമസിക്കുന്ന റിസോർട്ടിലേക്ക് യുവതിയെ ക്ഷണിച്ചു. റിസോർട്ടിലെത്തിയ യുവതിയെ ലക്ഷ്മൺ റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി എന്ന് പോലീസിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു.