ഇറക്കവും വളവും അഗാധമായ കൊക്കയും; കയര്‍കെട്ടി കൊക്കയിലേക്കിറങ്ങി നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം

മാനന്തവാടി: വയനാടിൽ അപകടത്തിൽപെട്ടത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തൊഴിലാളികളായ സ്ത്രീകൾ. 12 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപതുപേരും മരിച്ചു. പ്രദേശവാസികളും പോലീസും ഡ്രൈവർമാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെന്നും ജീപ്പ് പൂർണമായും തകർന്നുവെന്നും തവിഞ്ഞാൽ പഞ്ചായത്ത് മെമ്പർ മുരുകേശൻ പറഞ്ഞു. ‘വയനാട് നിന്ന് തലപ്പുഴയിലേക്ക് വരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ജീപ്പിൽ കൂടുതൽ പേരും സ്ത്രീകളായിരുന്നു. ദിവസവും ജോലിക്ക് പോയിവരുന്നവരാണ് ഇവർ. ജോലി കഴിഞ്ഞ് തിരിച്ചു വരുന്നവരായിരുന്നു അപകടത്തിൽപെട്ടത്’- മുരുകേശൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘വളവിൽ ഒരു സൈഡ് വലിയ കൊക്കയാണ്. അതൊരു ഇറക്കമുള്ള വഴിയാണ്. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ ഉടൻ തന്നെ പ്രദേശത്തെ ചെറുപ്പക്കാരും ഡ്രൈവർമാരും പോലീസും കയറ് കെട്ടിയുള്ള രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചു. പെട്ടെന്ന് തന്നെ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു’ – അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് അപകടത്തിന് കാരണം എന്ന് വ്യക്തമാകുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.