വയനാട്ടിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ച സംഭവം; അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി എംപി

വയനാട്: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ച അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം.പി. രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും. വയനാട്ടിലെ മാനന്തവാടിയില്‍ തോട്ടം തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. ജില്ലാ അധികാരികളുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ- രാഹുല്‍ കുറിച്ചു. വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്‌സമീപം തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണ്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പില്‍ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.- മുഖ്യമന്ത്രി വ്യക്തമാക്കി. നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലാണെന്നും കളക്ടർ ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി എ. കെ. ശശീന്ദ്രനും വ്യക്തമാക്കി. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.