എല്ലാ വഴികളും അടഞ്ഞു: പാർട്ടിയിൽ ഒറ്റപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ; രാജിക്കായി വനിതാ നേതാക്കളും

പത്തനംതിട്ട: ലൈംഗികാരോപണത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കളെല്ലാം കൈവിട്ടു. ഞായറാഴ്ച വനിതാനേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ രാഹുലിനുമേല്‍ സമ്മര്‍ദമേറി. രാജിയുണ്ടായില്ലെങ്കില്‍ അച്ചടക്കനടപടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രാജി വൈകരുത്
രാഹുല്‍ ഒരുനിമിഷംമുന്‍പ് രാജിവെച്ചാല്‍ അത്രയുംനല്ലതെന്ന് ഉമാ തോമസ് എംഎല്‍എയും മുഖ്യധാരാരാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞു. പരാതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കിയപ്പോള്‍ അടിയന്തരമായി രാജിവെക്കണമെന്നായിരുന്നു വി.എം. സുധീരന്റെ ആവശ്യം. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കടുത്ത എതിര്‍പ്പിലാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വ്യക്തമാക്കി.
സംസ്ഥാനത്തുതന്നെ തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. അതിനാല്‍, രാഷ്ട്രീയകാര്യസമിതിയില്‍പ്പെട്ട നേതാക്കള്‍ തമ്മിലാണ് കൂടിയാലോചന. തിങ്കളാഴ്ചയോടെ വ്യക്തമായ നിലപാടെടുക്കാനാണ് ശ്രമം.
രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയെക്കുറിച്ച് കോണ്‍ഗ്രസ് നിയമോപദേശം തേടിയിരുന്നു. ഉപതിരഞ്ഞെടുപ്പുവന്നാല്‍ ബിജെപിക്ക് ഗുണകരമാകുമോയെന്ന ആശങ്കയുമുണ്ട്. ഇക്കാരണങ്ങളാലാണ് തിടുക്കപ്പെട്ട് രാജിവേണ്ടെന്ന് ഒരുവിഭാഗത്തിന്റെ വാദം.
വീടുവിട്ടിറങ്ങി, ഉടന്‍ തിരിച്ചെത്തി
പ്രതിരോധമെന്നോണം ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുടെ ശബ്ദസന്ദേശം പങ്കുവെച്ചായിരുന്നു ഞായറാഴ്ച രാഹുല്‍ അടൂരിലെ വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്. താന്‍ കുറ്റക്കാരനാണോ എന്നുപറയേണ്ടത് കോടതിയാണെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന മറ്റൊരു ഓഡിയോയിലെ ശബ്ദം തന്റേതല്ലെന്ന് പറയാന്‍ രാഹുല്‍ തയ്യാറായില്ല. എല്ലാം ജനങ്ങളോട് പറയുമെന്നുമാത്രമായിരുന്നു മറുപടി.
രാജിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഒന്നുംമിണ്ടാതെ അകത്തേക്കു കയറിപ്പോയ രാഹുല്‍, ഒരുമണിക്കൂറിനുശേഷം എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ വീട്ടില്‍നിന്ന് പുറത്തേക്കുപോയി. വ്യാഴാഴ്ചയ്ക്കുശേഷം വീടുവിട്ടിറങ്ങുന്നത് അപ്പോഴായിരുന്നു. രാജിപ്രഖ്യാപനത്തിനായി തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും 10 കിലോമീറ്റര്‍ അകലെ ഏനാത്ത് എത്തിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങി.
അവസാനവാക്കുപറയാതെ നേതൃത്വം
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെങ്കില്‍ നിയമനടപടിയുള്‍പ്പെടെ രാഹുലിന്റെ പ്രതികരണം ഉണ്ടാകാത്തതെന്താണെന്ന് ഹൈക്കമാന്‍ഡ് ചോദിക്കുന്നുണ്ട്. അതുകൊണ്ട് നടപടിക്കുമുന്‍പ് രാഹുലിന്റെ വിശദീകരണം കെപിസിസി നേതൃത്വം കേള്‍ക്കും.
ചിലനേതാക്കളുടെ പ്രതിച്ഛായനിര്‍മിതിയാണ് രാജിയാവശ്യത്തിന് പിന്നിലെന്നു രാഹുലിനെ പിന്തുണയ്ക്കുന്ന ചിലര്‍ രഹസ്യമായി കുറ്റപ്പെടുത്തുന്നു. എന്നാല്‍, ആരോപണം പലതാണെന്ന് എതിര്‍ക്കുന്നവര്‍ ഓര്‍മ്മിപ്പിക്കുന്നു.