രാഹുൽ വിഷയത്തിൽ ചര്‍ച്ച വിലക്കി: ശോകമൂകമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വാട്‌സാപ്പ് കൂട്ടായ്മ

കൊല്ലം: ചര്‍ച്ച വിലക്കുകയും അഡ്മിന്‍മാര്‍ക്കുമാത്രം സന്ദേശം അയയ്ക്കാവുന്ന രീതിയിലാക്കുകയും ചെയ്തതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വാട്‌സാപ്പ് കൂട്ടായ്മ നിശ്ചലമായി. വിമര്‍ശനങ്ങളും മറുപടികളും വഴി കലുഷിതമായ ഗ്രൂപ്പില്‍, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.55-നാണ് അവസാന സന്ദേശം വന്നത്. അഡ്മിന്‍ ഒണ്‍ലിയാക്കിയെങ്കിലും, അഡ്മിന്‍മാരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍റാവു, സെക്രട്ടറി പുഷ്പലത, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് എന്നിവര്‍പോലും പിന്നീട് ഒരു മെസേജും അയച്ചിട്ടില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍പോലും വന്നിട്ടില്ല. ആകെ ശോകമൂകമാണിപ്പോള്‍ വാട്‌സാപ്പ് കൂട്ടായ്മ.
യുവതികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിലായ ആദ്യ മണിക്കൂറുകളില്‍ നിശ്ശബ്ദമായിരുന്ന സംസ്ഥാന ഗ്രൂപ്പിനെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്‌നേഹയുടെ ശബ്ദസന്ദേശമാണ് കലുഷിതമാക്കിയത്. വിവാദം സംബന്ധിച്ച് കൃത്യമായ ഉത്തരം കിട്ടണമെന്ന സ്‌നേഹയുടെ സന്ദേശത്തിനു പിന്നാലെ ‘രാഹുല്‍ മൗനം വെടിയണ’മെന്നാവശ്യപ്പെട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളവും സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫിറും രംഗത്തെത്തിയതോടെ സംസ്ഥാന ഭാരവാഹികള്‍ ചേരിതിരിഞ്ഞ് ഗ്രൂപ്പില്‍ വലിയ ബഹളമായി. ഒടുവില്‍ ദേശീയനേതൃത്വം ഇടപെട്ട് ഗ്രൂപ്പ്തന്നെ പൂട്ടുകയായിരുന്നു.
അതേസമയം രാഹുല്‍ വിരുദ്ധര്‍, ചര്‍ച്ചകള്‍ ജില്ലാ ഗ്രൂപ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 190 അംഗങ്ങളുള്ള സംസ്ഥാന വാട്‌സാപ്പ് ഗ്രൂപ്പിലെ നേതാക്കള്‍ അനൗദ്യോഗിക ഗ്രൂപ്പുകളുണ്ടാക്കി വിമര്‍ശനത്തിന്റെ ശക്തി കൂട്ടിയിരിക്കുകയാണ്. എറണാകുളം ജില്ല കേന്ദ്രീകരിച്ച്, രാഹുലിനുനേരേ ഉയര്‍ന്ന രൂക്ഷവിമര്‍ശനങ്ങള്‍ പ്രതിരോധിക്കാനായി മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. രാഹുലിന്റെ പെരുമാറ്റദൂഷ്യംമൂലം രണ്ടു പെണ്‍കുട്ടികള്‍ കെഎസ്‌യു വിട്ടതായി, എറണാകുളം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍, ഒരു ജില്ലാ സെക്രട്ടറിതന്നെ സന്ദേശമിട്ടു. ഇതോടെ എറണാകുളം ജില്ലാ യൂത്ത് കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പും ‘അഡ്മിന്‍ ഒണ്‍ലി’യാക്കി മാറ്റി.