ദേശീയപാത ടോള്‍ ബൂത്ത്: ഇന്ന് ഉച്ചയ്ക്ക് കുമ്പളയില്‍ നിന്ന് ആരിക്കാടിയിലേക്ക് പടുകൂറ്റന്‍ ബഹുജന മാര്‍ച്ച്, വ്യാപാരികളും സമരത്തില്‍,ഇന്ന് രണ്ടു മണിക്കൂര്‍ കടകള്‍ അടച്ചിടും

കാസർകോട്: ദേശീയപാത ടോൾ ബൂത്ത് നിർമ്മാണത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ നിന്ന് ആരിക്കാടിയിലേക്ക് നാളെ (തിങ്കൾ) ഉച്ചയ്ക്ക് ബഹുജന മാർച്ച് നടത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ഞായറാഴ്‌ച രാവിലെ ചേർന്ന് യോഗമാണ് ഈ തീരുമാനമെടുത്തത്. സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഉച്ചയ്ക്ക് 11 മണി മുതൽ 2 മണിക്കൂർ കടകമ്പോളങ്ങൾ അടച്ചിടാൻ വ്യാപാരി പ്രതിനിധികൾ യോഗത്തിൽ സന്നദ്ധത പ്രകടിപ്പിച്ചു. കടയടയ്ക്കുന്ന വ്യാപാരികൾ മാർച്ചിൽ പങ്കെടുക്കും.
ചുരുങ്ങിയത് ആയിരം പേരെങ്കിലും മാർച്ചിൽ പങ്കെടുപ്പിക്കും. ടോൾ നിർമ്മാണം നിറുത്തിവയ്ക്കാൻ നിർദ്ദേശിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കഴിഞ്ഞദിവസം ജില്ലാ കളക്ടറോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി വിധിക്കെതിരെ തീരുമാനമെടുക്കാൻ ആവില്ലെന്നും വീണ്ടും കോടതിയെ സമീപിക്കാനും അദ്ദേഹം സമരസമിതിയെ അറിയിക്കുകയായിരുന്നു എന്ന് പറയുന്നു.