KSDLIVENEWS

Real news for everyone

വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

SHARE THIS ON

കാസർകോട്: വീട്ടനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 2,71,000 രൂപ പിഴയും. കർണ്ണാടക, കുടക്, നാപോക്ക് സ്വദേശി സലീമി(38)നെയാണ് ഹൊസ്‌ദുർഗ്ഗ് ഫസ്റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് ജഡ്‌ജ് പി എം സുരേഷ് ശിക്ഷിച്ചത്. പെൺകുട്ടിയുടെ കാതുകളിൽ നിന്നു ബലമായി ഊരിയെടുത്ത കമ്മലുകൾ വിൽക്കാൻ സഹായിച്ച രണ്ടാം പ്രതിയും സലീമിൻ്റെ സഹോദരിയുമായ സുനൈബയെ ഒരു ദിവസത്തെ തടവിനും 1000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. 2024 മെയ് 15ന് പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം. പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന ശേഷം വഴിയിലുപേക്ഷിച്ചെന്നാണ് കേസ്. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന് സമീപത്തെ പറമ്പിൽ വച്ച് പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത് പെൺകുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പേടിച്ചരണ്ട ബാലിക ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രതി സ്വർണം വിൽപ്പന നടത്തി കുടകിലേക്ക് സ്ഥലം വിടുകയായിരുന്നു. സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റൊരു ഫോണിൽ നിന്ന് രണ്ട് ദിവസം മുൻപ് വീട്ടിലേക്ക് വിളിച്ചു. ഈ ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്‌. ഫോൺ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്‌തതോടെ സലീമിനെക്കുറിച്ച് സൂചന ലഭിച്ചു. ഒടുവിൽ ആസൂത്രിതമായ നീക്കത്തിനൊടുവിൽ സലിം പൊലിസിന്റെ വലയിലായി. ആന്ധ്രപ്രദേശിൽ ഒളിവിൽ കഴിയവെയാണ് സലിം പ്രത്യേക അന്വേഷണസംഘത്തിൻ്റെ പിടിയിലാകുന്നത്. തട്ടിക്കൊണ്ട് പോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ വകുപ്പുകളാണ് സലീമിനെതിരെ ചുമത്തിയത്. മോഷ്ടിച്ച കമ്മൽ പിന്നീട് കണ്ണൂർ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ ഹോസ്‌ദുർഗ് സി.ഐ ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുറപത്രം സമർപ്പിച്ചത്. 300 പേജുള്ള കുറ്റപത്രത്തിൽ പ്രതിയുടെ ഡിഎൻഎ പരിശോധന ഫലമടക്കമുള്ള 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിരുന്നു. സലീം കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടയാൾ, ബൈക്കിൽ കയറ്റിക്കൊണ്ടുപോയയാൾ എന്നിവരുൾപ്പെടെ 67 സാക്ഷികളെ വിസ്തരിച്ചിരുന്നു. സലീം നേരത്തെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണെന്നും കുറ്റപത്രത്തിലുണ്ട്. കുടകിൽ ഇയാൾക്കെതിരെ മോഷണ കേസ് നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!