ഗാസയിലെ ആശുപത്രി ആക്രമിച്ച് ഇസ്രയേല്‍: നാല് മാധ്യമപ്രവർത്തകർ അടക്കം എട്ടുപേർ കൊല്ലപ്പെട്ടു

ഗാസാ സിറ്റി: തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ്സിനു (എപി) വേണ്ടി ജോലി ചെയ്തിരുന്ന ഒരു സ്വതന്ത്രമാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരു ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്.
നാസര്‍ ആശുപത്രിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സലാം ഉള്‍പ്പെട്ടതായി അല്‍ ജസീറ സ്ഥിരീകരിച്ചു. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ റിപ്പോര്‍ട്ടര്‍ ഹുസ്സാം അല്‍-മസ്രി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്സിന്റെ തന്നെ, കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന ഫോട്ടോഗ്രാഫര്‍ ഹാത്തം ഖാലിദിന് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക മറിയം ദാഗ (33) ഗാസ യുദ്ധം ആരംഭിച്ചത് മുതല്‍ എപിക്കും മറ്റ് വാര്‍ത്താ സ്ഥാപനങ്ങള്‍ക്കും വേണ്ടി ഫ്രീലാന്‍സറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത, പട്ടിണി മൂലം ശരീരം ക്ഷയിച്ചുകൊണ്ടിരുന്ന കുട്ടികളെ രക്ഷിക്കാന്‍ നാസര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് ദാഗ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ (സിപിജെ) കണക്കനുസരിച്ച്, മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും രക്തരൂഷിതമായ സംഘര്‍ഷങ്ങളിലൊന്നാണ് ഇസ്രായേല്‍-ഹമാസ് യുദ്ധം. 22 മാസം നീണ്ട ഈ സംഘര്‍ഷത്തില്‍ ഗാസയില്‍ ആകെ 192 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇതുവരെ 18 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും സിപിജെ വ്യക്തമാക്കുന്നു.
അതേസമയം, ഈ വിഷയം സംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇസ്രായേല്‍ സൈന്യവും ഇതുവരെയും പ്രതികരിച്ചിട്ടില്ല.