സിദ്ദിഖിന്റെ മുൻകൂര്‍ജാമ്യാപേക്ഷ: സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി അതിജീവിത; സര്‍ക്കാരും തടസഹര്‍ജി നല്‍കും

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടൻ സിദ്ദിഖിനായി തെരച്ചില്‍ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
അതിജീവിത സുപ്രീം കോടതിയില്‍ തടസഹർജി നല്‍കിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നല്‍കാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു.
അതേ സമയം, ഗുരുതരകുറ്റകൃത്യത്തില്‍ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം. കേസില്‍ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടൻ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹർജി നല്‍കിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നല്‍കാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.

