BJP-യുടേത് മാപ്പർഹിക്കാത്ത കുറ്റം’;യുപിയിൽ രക്തംസ്വീകരിച്ച കുട്ടികൾക്ക് HIV ബാധിച്ച സംഭവത്തിൽ ഖാർഗെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്.ഐ.വി.യും ഹെപ്പറ്റൈറ്റീസ് ബി,സി, എന്നീ രോഗങ്ങളും സ്ഥിരീകരിച്ച സംഭവത്തില്‍ ബി.ജെ.പി. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി. ചെയ്ത മാപ്പര്‍ഹിക്കാത്ത കുറ്റത്തിനുള്ള ശിക്ഷ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാണ് അനുഭവിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. ഇരട്ട എന്‍ജിനുള്ള സര്‍ക്കാര്‍ ആരോഗ്യമേഖലയുടെ ദുരിതവും ഇരട്ടിയാക്കി. യു.പി.യിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അണുബാധയുള്ള രക്തം നല്‍കിയ തലാസീമിയ ബാധിതരായ 14 കുട്ടികള്‍ക്കാണ് എച്ച്.ഐ.വി.യും ഹെപ്പറ്റൈറ്റീസ് ബിയും സിയും സ്ഥിരീകരിച്ചത്. ഈ ഗുരുതരമായ അശ്രദ്ധ തീര്‍ത്തും ലജ്ജാവഹമാണ്. കഴിഞ്ഞ ദിവസം പത്ത് പ്രതിജ്ഞകളെടുക്കണമെന്നുള്‍പ്പടെയുള്ള മഹത്തായ കാര്യങ്ങളൊക്കെ മോദിജി പഠിപ്പിച്ചിരുന്നല്ലോ. ബി.ജെ.പി. സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങളുടെ ഒരു കണികയെങ്കിലും അദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ടോ?, ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചത്. ആറിനും 16-നുമിടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് അണുബാധയുണ്ടായത്. ഏഴുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി-യും രണ്ടുപേര്‍ക്ക് എച്ച്.ഐ.വി.യുമാണ് സ്ഥിരീകരിച്ചത്. തലാസീമിയ (രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത്) ബാധിതരായ കുട്ടികളാണ് രക്തം സ്വീകരിച്ചത്. തലാസീമിയക്ക് പുറമേ അണുബാധകൂടിയായതോടെ കുട്ടികള്‍ അത്യാസന്നനിലയിലായതായാണ് റിപ്പോര്‍ട്ട്. കാണ്‍പുരിലെ സര്‍ക്കാരാശുപത്രിയായ ലാലാ ലജ്പത്‌റായ് ആശുപത്രിയിലാണ് സംഭവം. രക്തം സ്വീകരിക്കേണ്ട അടിയന്തരസാഹചര്യം വന്നതുകാരണം അണുബാധയേറ്റ 14 കുട്ടികളും അവരവരുടെ പ്രദേശത്തെ സ്വകാര്യ, ജില്ലാ ആശുപത്രികളില്‍നിന്നാണ് രക്തം സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആരില്‍നിന്നാണ് അണുബാധയേറ്റതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.