KSDLIVENEWS

Real news for everyone

സെപ്റ്റിക് ടാങ്കിൽനിന്ന് മലിനജലം : സർക്കാർ ക്വാർട്ടേഴ്‌സിലെ കുടുംബങ്ങൾ രോഗഭീതിയിൽ

SHARE THIS ON

വിദ്യാനഗർ : രോഗപ്രതിരോധത്തിനായുള്ള നടപടി നാടെങ്ങും നടക്കുമ്പോഴും സർക്കാർ ക്വാർട്ടേഴ്‌സിലെ കക്കൂസ് ടാങ്കിൽ നിന്നുള്ള മലിനവെള്ളം പുറത്തേക്കൊഴുകുന്നു. മലിനവെള്ളത്തിൽ കൂത്താടികൾ പെരുകി കിടക്കുന്നതിനാൽ കുടുംബങ്ങൾ രോഗഭീതിയിൽ. കളക്ടറേറ്റിൽ നിന്ന് വിളിപ്പാടകലെ ഉദയഗിരി കൈലാസപുരത്തുള്ള സർക്കാർ ക്വാർട്ടേഴ്‌സിൽ കഴിയുന്ന കുടുംബങ്ങളാണ് രോഗഭീതിയിൽ കഴിയുന്നത്. കക്കൂസ് ടാങ്കിൽനിന്നും അടുക്കളയിൽനിന്നുമുള്ള മലിനജലം ക്വാർട്ടേഴ്സിനോട് ചേർന്ന് കെട്ടിനിൽക്കുന്നതിനാൽ മൂക്ക് പൊത്താതെ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളം കെട്ടി നിൽക്കുന്നതിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ കഴിയുന്ന കുടുംബങ്ങൾ ദുർഗന്ധം കാരണം ജനലുകൾ തുറക്കാൻ പോലും കഴിയുന്നില്ല. ആറ് ബ്ലോക്കുകളിലായുള്ള ക്വാർട്ടേഴ്‌സുകളിൽ 20 കുടുംബങ്ങളാണ് നിലവിൽ താമസിക്കുന്നത്. ക്വാർട്ടേഴ്‌സുകളിലെ അടുക്കളയിലെയും കുളിമുറിയിലെയും വെള്ളം ഒഴുകിയെത്തിയിരുന്ന കുഴികളും നിറഞ്ഞതിനാൽ പുറത്തേക്കാണ് ഒഴുകുന്നത്. അഴുക്കുവെള്ളത്തിനായി വലിയ രണ്ട് കുഴികളെടുത്ത് കോൺക്രീറ്റ് സ്ലാബിട്ടിരുന്നെങ്കിലും രണ്ട് ബ്ലോക്കുകളിലെ ക്വാർട്ടേഴ്‌സുകളിൽ നിന്നുമുള്ള മലിനവെള്ളം മാത്രമാണിതിലെത്തുന്നത്. മറ്റ് ക്വാർട്ടേഴ്‌സുകളിൽ നിന്നുള്ള വെള്ളമെത്തുന്നതിന് പൈപ്പുകൾ ഇട്ടിട്ടില്ല. സർക്കാർ ജീവനക്കാർക്കായി കൈലാസപുരത്ത് രണ്ട് ഘട്ടങ്ങളിലായി ലക്ഷങ്ങൾ ചെലവിട്ട് ക്വാർട്ടേഴ്‌സ് പണിതത്. ആറ് ബ്ലോക്കുകളിലായി രണ്ട് നിലകളിൽ മൂന്ന് കിടപ്പുമുറികളോടു കൂടിയ നാലും രണ്ട് കിടപ്പ് മുറികളുള്ള 12 ക്വാർട്ടേഴ്‌സുകളും ഒരു കിടപ്പ്മുറിയുള്ള എട്ട് ക്വാർട്ടേഴ്‌സുകളുമാണുള്ളത്. 2014-ൽ മന്ത്രി അടൂർ പ്രകാശാണ് ഉദ്ഘാടനം ചെയ്തത്. മുകളിലെ നിലയിലുള്ള പല ക്വാർട്ടേഴ്‌സുകളിലെ ചുമരുകളിലും മറ്റും വെള്ളം കനിഞ്ഞിറങ്ങുന്നു. വയറിങ്ങും ഗുണമേന്മയില്ലാത്തതാണെന്നാണ് കുടുംബങ്ങൾ പറയുന്നത്. ക്വാർട്ടേഴ്‌സിന്റെ ചുറ്റുമതിലും പൂർണമായിട്ടില്ല. ഹൗസിങ് ബോർഡിനായിരുന്നു നിർമാണച്ചുമതലയെങ്കിലും വ്യക്തിക്ക് കരാർ നിൽകിയാണ് ക്വാർട്ടേഴ്‌സുകൾ പണിതത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!