KSDLIVENEWS

Real news for everyone

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; 6 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി, ബംഗാളിലും ജാഗ്രത

SHARE THIS ON

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് വടക്കൻ ഒഡീഷ തീരം പിന്നിട്ടു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭദ്രക്ക് ഉൾപ്പെടെയുളള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. നിലവിൽ മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. രാവിലെ പതിനൊന്നരയോടെ കാറ്റിന്റെ ശക്തി കുറയും.

വൈകുന്നേരത്തോടെ കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറും. തുടർന്ന് മണിക്കൂറിൽ 50 കിലോമീറ്റർ എന്ന രീതിയിൽ വേഗത കുറയും. പല ജില്ലകളിലും വലിയ കാറ്റും മഴയും തുടരുകയാണ്. പലയിടത്തും മരങ്ങൾ കടപുഴകി. ഇതുവരെ ആളപായം ഉണ്ടായിട്ടില്ല. 16 ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏത്  സാഹചര്യവും നേരിടാൻ തയാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 5.84 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. 

ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് അർധരാത്രിയോടെ ദാന ചുഴലിക്കാറ്റ് കരതൊട്ടത്.

ഇന്നലെ വൈകിട്ടു മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ഒഡീഷയിലെങ്ങും മഴയും കാറ്റും ശക്തമായി. ബംഗാളിലും കനത്ത മഴയുണ്ട്. മുന്നറിയിപ്പിനെത്തുടർന്നു മന്ത്രിസഭായോഗം ചേർന്നു കരുതൽനടപടികൾ വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!