KSDLIVENEWS

Real news for everyone

ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ പ്രധാന തസ്തികകളിൽ ഉൾപ്പെടെ നൂറിലേറെ ജീവനക്കാരുടെ ഒഴിവുകൾ

SHARE THIS ON

കാസർകോട്: തദ്ദേശ സ്ഥാപനങ്ങളിൽ പ്രധാന തസ്തികകളിൽ ഉൾപ്പെടെ നൂറിലേറെ ജീവനക്കാരുടെ ഒഴിവുകൾ തുടരുന്നു. താഴെ തട്ട് മുതൽ മുകൾ തലം വരെ ജില്ലയിൽ ഇതാണ് സ്ഥിതി. ഉദ്യോഗസ്ഥർക്ക് രാപകൽ വിശ്രമമില്ലാത്ത ജോലിഭാരമെന്നാണു പരാതി. പലരും മാനസികമായും ശാരീരികമായും പിരിമുറുക്കം അനുഭവിക്കുന്നതായി ജീവനക്കാർ പറയുന്നു. ജോലി നിശ്ചിത സമയത്തിനകം ചെയ്തു നൽകുന്നതിന് കടുത്ത പ്രയാസമാണ് ജീവനക്കാർ അനുഭവിക്കുന്നത്.7 തദ്ദേശസ്ഥാപനങ്ങൾക്ക് സെക്രട്ടറിമാരില്ല. എൻമകജെ, ചെറുവത്തൂർ, ബെള്ളൂർ, മധൂർ, ഈസ്റ്റ് എളേരി, പൈവളിഗെ, പനത്തടി പഞ്ചായത്തുകളിൽ സെക്രട്ടറിമാരില്ല. മറ്റു ഒഴിവുകൾ ഇങ്ങനെ :അസി. സെക്രട്ടറി 1, അസി.എക്സിക്യൂട്ടീവ് എൻജിനീയർ 1,  അസി.എൻജിനീയർ 14, ഹെഡ് ക്ലാർക്ക് കം അക്കൗണ്ടന്റ് 27, സീനിയർ ക്ലാർക്ക് 45, ക്ലാർക്ക് 8, കന്നഡ വിഭാഗം ക്ലാർക്ക് 17, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ 7, ഓവർസീയർ 8 എന്നിങ്ങനെയാണിത്. ജീവനക്കാരില്ലാത്ത ബുദ്ധിമുട്ടുകൾക്കിടയിലാണ് പല തദ്ദേശ സ്ഥാപനങ്ങളിലും വാർഡ് പുനർവിഭജനത്തിന്റെ കരട് റിപ്പോർട്ട് തയാറാക്കൽ ജോലികളും നടക്കുന്നത്.

വാർ‌ഡ് പുനർവിഭജനം; കരട് റിപ്പോർട്ട് അന്തിമഘട്ടത്തിൽ
ജീവനക്കാരില്ലാത്ത ദുരിതത്തിനിടയിലും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് റിപ്പോർട്ട് തയാറാക്കൽ അന്തിമഘട്ടത്തിലാണ്. വാർഡുകളുടെ അതിർത്തി തിരിച്ചു തയാറാക്കിയ കരട് റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറിമാർ നാളെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർക്കു കൈമാറും.പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് റിപ്പോർട്ട് കലക്ടർക്കു കൈമാറുക. 4 പഞ്ചായത്തുകൾ ഇതിനകം റിപ്പോർട്ട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്കു കൈമാറി. ബാക്കി പഞ്ചായത്തുകളിലും നടപടികൾ അവസാന ഘട്ടത്തിലാണ്.കലക്ടർ ഇതു പരിശോധിച്ച ശേഷം അടുത്ത മാസം 5നു മുൻപായി സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷനു നൽകും. നവംബർ 16 നാണു കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക. അന്നു മുതൽ ഡിസംബർ 1 വരെ ഇതിനെക്കുറിച്ചുള്ള പരാതികളും നിർദേശങ്ങളും നൽകാവുന്നതാണ്. ഡിലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ കലക്ടർക്കോ പരാതികൾ നൽകാം. അതു കൂടി പരിഗണിച്ചാണു പുനർ വിഭജനത്തിനു അന്തിമരൂപം നൽകുക. റോഡ്, പുഴകൾ, തോട്, റെയിൽപാത തുടങ്ങിയവ അതിർത്തിയാക്കിയാണു വാർഡുകൾ വിഭജിക്കുന്നത്.

ഓരോ പഞ്ചായത്തിലും വർധിക്കുന്ന വാർഡുകളുടെ എണ്ണം നേരത്തെ തന്നെ നിശ്ചയിച്ചു വിജ്ഞാപനം ഇറക്കിയതിനാൽ അതിനെ അടിസ്ഥാനപ്പെടുത്തിയാണ് വാർഡുകളിലെ വോട്ടർമാരുടെ എണ്ണം നിശ്ചയിച്ചത്. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയാണ് കണക്കാക്കുന്നത്. പഞ്ചായത്തിലെ ആകെ ജനസംഖ്യയെ വാർഡുകളുടെ എണ്ണം കൊണ്ടു ഹരിച്ചാണ് ഓരോ വാർഡിലെയും വോട്ടർമാരുടെ എണ്ണം നിശ്ചയിച്ചത്. നദി,പുഴ, തോട്, കായൽ, മല തുടങ്ങിയ അതിർത്തികൾക്കു പുറമേ റോഡ്, നടപ്പാത, ഇടവഴികൾ, റെയി‍ൽവേ ലൈൻ, പൊതുസ്ഥാപനങ്ങൾ തുടങ്ങി വ്യക്തമായി തിരിച്ചറിയാവുന്നവയും അതി‍ർത്തികളായി കണക്കാക്കാം. ജനസംഖ്യ കൂടിയ ചില പഞ്ചായത്തുകളിൽ ഒരു വാർഡിൽ രണ്ടായിരത്തിലേറെ വോട്ടർമാരുണ്ട്.പഞ്ചായത്തുകളിലെ വാർഡ് വിഭജനം പൂർത്തിയാക്കിയ ശേഷം ബ്ലോക്ക്– ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ വിഭജനവും നടത്തും. ജില്ലയിലെ 38 പഞ്ചായത്തുകളിലായി 61 വാർഡുകളാണ് പുതിയതായി നിലവിൽ വരുന്നത്. 1–4 വരെ വാർഡുകളാണ് ഓരോ പഞ്ചായത്തിലും വർധിക്കുന്നത്. എല്ലാ പഞ്ചായത്തിലും ഒരു വാർഡെങ്കിലും കൂടുതൽ വരും. ബ്ലോക്ക് പഞ്ചായത്തുകളിൽ 1–3 വരെ ഡിവിഷനുകളും ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനുമാണ് വർധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!