പി.എം.ശ്രീ: വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണം പ്രതിരോധിക്കണമെന്ന് ആവശ്യപ്പെട്ടു; മന്ത്രിയെ ആശങ്ക അറിയിച്ചെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: പിഎംശ്രീയില്‍ കേരള സര്‍ക്കാരും പങ്കാളികളായതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെ എസ്എഫ്ഐ ആശങ്ക അറിയിച്ചു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ നേരിട്ടുകണ്ട് ആശങ്കയറിയിച്ചത്. വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണത്തെ കേരളത്തില്‍ പൂര്‍ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടതായും സംഘടന ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ആശങ്ക മന്ത്രി വി. ശിവന്‍കുട്ടിയെ അറിയിച്ചതായാണ് എസ്എഫ്ഐയുടെ ഫെയ്സ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നത്.
ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണത്തെ കേരളത്തില്‍ പൂര്‍ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടതായും കുറിപ്പില്‍ പറയുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് മന്ത്രി ശിവന്‍കുട്ടിക്ക് ഇതുസംബന്ധിച്ച കത്ത് കൈമാറുന്ന ചിത്രവും സംഘടനയുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
തുടക്കംമുതല്‍ എതിര്‍ത്തു, പൊള്ളി എസ്എഫ്ഐയും
ന്യൂഡല്‍ഹി: തുടക്കംമുതല്‍ എതിര്‍ക്കുന്ന ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ കേരളസര്‍ക്കാര്‍ പങ്കാളിയായതോടെ വെട്ടിലായി എസ്എഫ്ഐ.
2020-ല്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ എന്‍ഇപി കൊണ്ടുവന്നപ്പോള്‍ എസ്എഫ്ഐയും ഇടത് വിദ്യാര്‍ഥിസംഘടനകളും എതിര്‍ത്തു. എന്ഇപിക്കെതിരേ ഡിസംബറില്‍ രാജ്യവ്യാപകപ്രചാരണത്തിന് സംഘടന പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് സിപിഎം നേതൃത്വംനല്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎംശ്രീയില്‍ പങ്കാളിയായത്. വിഷയത്തിലെ ആശങ്ക സംസ്ഥാന വിദ്യാഭ്യാസമന്ത്രിയെ നേരിട്ടറിയിക്കാനാണ് തീരുമാനം. എല്ലാ വിദ്യാര്‍ഥിസംഘടനകളുടെയും ആശങ്കകള്‍ പരിഹരിക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജി പറഞ്ഞു. എഐഎസ്എഫ് പിഎംശ്രീക്കെതിരേ സമരരംഗത്തുള്ള പശ്ചാത്തലത്തിലാണിത്. പിഎംശ്രീ വഴി എന്‍ഇപിയും കേന്ദ്രപാഠ്യപദ്ധതിയും നടപ്പാക്കാന്‍ ശ്രമമുണ്ടായാല്‍ അനുവദിക്കില്ലെന്നും ശക്തമായ സമരപരിപാടികളുണ്ടാകുമെന്നും ആദര്‍ശ് വ്യക്തമാക്കി.

