ഉത്തര കൊറിയയിൽ നെറ്റ്ഫ്ലിക്സ് സ്ക്വിഡ് ഗെയിം വിൽപന നടത്തിയ യുവാവിന് വധശിക്ഷ
ഉത്തര കൊറിയയിൽ നെറ്റ്ഫ്ലിക്സിലൂടെ തരംഗമായ വെബ് സീരീസ് സ്ക്വിഡ് ഗെയിമിന്‍റെ പകർപ്പുകൾ അനധികൃതമായി വിൽപന നടത്തിയ യുവാവിന് വധശിക്ഷ. ഫയറിങ് സ്ക്വാഡ് ഇദ്ദേഹത്തിന്‍റെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം.
യു.എസ്.ബി ഡ്രൈവറിലൂടെ വെബ് സീരിസിന്‍റെ പകർപ്പ് വാങ്ങിയ വിദ്യാർഥിക്ക് ജീവപര്യന്തം തടവും ഗെയിം കണ്ട മറ്റു ആറു പേെര അഞ്ചുവർഷം കഠിന തടവിനും ശിക്ഷിച്ചു. സ്കൂളിലെ അധ്യാപകരെയും അഡ്മിനിസ്ട്രേറ്റർമാരെയും പുറത്താക്കി. കൂടാതെ, അശ്രദ്ധവരുത്തിയതിന് ഇവരെ ഖനികളിൽ പണിയെടുക്കാനും അയച്ചു.
ചൈനയിൽനിന്ന് സ്ക്വിഡ് ഗെയിമിന്‍റെ പകർപ്പ് സ്വന്തമാക്കി യുവാവ്, കള്ളക്കടത്ത് വഴിയാണ് ഇത് ഉത്തര കൊറിയയിലെത്തിച്ചത്. തുടർന്ന് യു.എസ്.ബി ഡ്രൈവിലാക്കിയാണ് വിൽപന നടത്തിയത്. കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തര കൊറിയയിൽ പാശ്ചാത്യ മാധ്യമങ്ങള്‍ക്കും സിനിമ, സീരീസുകള്‍ക്കും വിലക്കുണ്ട്. ഈ വിലക്ക് ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാം.
നേരത്തെയും നിരവധി പേർ വിലക്കുകള്‍ ലംഘിച്ച് സ്ക്വിഡ് ഗെയിമിന്‍റെ അനധികൃത കോപ്പികള്‍ ഉത്തര കൊറിയയിലെത്തിച്ച് വിൽപന നടത്തിയിരുന്നു. സെപ്റ്റംബര്‍ മാസം റിലീസായ ഈ ദക്ഷിണ കൊറിയൻ സീരീസ് ആദ്യ നാല് ആഴ്ചകള്‍ കൊണ്ട് മാത്രം 161 കോടി ആളുകളാണ് കണ്ടത്.
യു.എസ്.ബി ഡ്രൈവുകൾക്ക് പുറമെ, എസ്.ഡി കാർഡ് വഴിയും സ്ക്വിഡ് ഗെയിം കപ്പലുകളിലൂടെ ഗെയിമിന്‍റെ പകർപ്പ് രാജ്യത്തേക്ക് എത്തുന്നുണ്ട്. ഹൈസ്കൂൾ വിദ്യാർഥിയും സുഹൃത്തുമാണ് അതീവ രഹസ്യമായി പകർപ്പ് വാങ്ങിയശേഷം ആദ്യം കണ്ടത്. പിന്നാലെ മറ്റു സഹപാഠികൾക്ക് കൂടി കൈമാറുകയായിരുന്നു.