KSDLIVENEWS

Real news for everyone

ജില്ലയിൽ 56 മറുനാടൻ തൊഴിലാളികൾക്ക് റേഷൻകാർഡ്

SHARE THIS ON

കാസർകോട്: ജില്ലയിലെ മറുനാടൻ തൊഴിലാളികൾക്കും റേഷൻകാർഡ് നൽകി സംസ്ഥാനത്തിന് മാതൃകയായിരിക്കുകയാണ് കാസർകോടെന്ന് ഭക്ഷ്യ കമ്മിഷൻ അംഗം എം.വിജയലക്ഷ്മി പറഞ്ഞു. ജില്ലാതല വിജിലൻസ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിൽ 56 മറുനാടൻ തൊഴിലാളികൾക്ക് ഇതുവരെ റേഷൻകാർഡ് തയ്യാറായിട്ടുണ്ട്. മൂന്നുമാസത്തിനിടെ ജില്ലയിൽ 1177 പുതിയ കാർഡുകൾ വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ അതിദരിദ്രർക്കും എ.എ.വൈ. കാർഡ് നൽകും. ഇതിനുള്ള പ്രവർത്തനം നടക്കുകയാണ്. ഹൊസ്ദുർഗ് താലൂക്കിൽ ഇത് പൂർത്തീകരിച്ചിട്ടുണ്ട്. രാത്രികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെട്രോൾ പമ്പുകൾ തുറക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നീ കമ്പനികളുടെ സെയിൽസ് ഓഫീസർമാരുമായി ചർച്ച നടത്തി. ജില്ലയിൽ അവരുടെ എല്ലാ പെട്രോൾപമ്പുകളും 24 മണിക്കൂറും തുറക്കാൻ സമ്മതിച്ചതായും അവർ അറിയിച്ചു. ആദിവാസി കോളനികളിൽ നടത്തിയ സന്ദർശനത്തിൽ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ റേഷൻ കടയിൽനിന്ന് ലഭിക്കുന്നതായി പരാതി കിട്ടിയിരുന്നു. തുടർന്ന് റേഷൻ കടയിൽ പരിശോധന നടത്തി പഴയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയും കടയുടമയ്ക്ക് പിഴ ചുമത്തുകയും ചെയ്തു. യോഗത്തിൽ എ.ഡി.എം. കെ.നവീൻബാബു അധ്യക്ഷതവഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ കെ.സജാദ്, കെ.പി.സജിമോൻ, കെ.ബാലകൃഷ്ണൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രതീഷ് പുതിയപുരയിൽ, ചന്ദ്രൻ ആറങ്ങാടി, കെ.പി.സജിമോൻ, കെ.വി.ദിനേശൻ, കെ.എൻ.ബിന്ദു, ടി.സി.സജീവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!