വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വില’; കൊച്ചിയില്‍ ഹൃദയമെത്തിച്ചതിനേക്കുറിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ പോലീസ് വെറ്റ് ലീസ് വ്യവസ്ഥയില്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണെന്ന് ആവര്‍ത്തിച്ചുറപ്പിച്ച സംഭവമാണ് ശനിയാഴ്ച ഉണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് സംബന്ധിച്ച വിമർശനങ്ങളുടെ പശ്ചാത്തലത്തിൽകൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മരണാനന്തര അവയവദാനം മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവയവങ്ങള്‍ ദാനം ചെയ്ത സെല്‍വിന്‍ ശേഖറിന്റെ ഭാര്യ ഗീതയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ആരോഗ്യ രക്ഷാപ്രവര്‍ത്തനത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയ പോലീസിനെയും ആരോഗ്യവകുപ്പിനെയും ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു.
മരണം സംഭവിച്ച സ്റ്റാഫ് നേഴ്‌സ് സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് മറ്റൊരു ജീവന് തുടിപ്പേകാനായി കൊച്ചിയില്‍ എത്തിച്ചത്. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണനിലാണ് ആ ഹൃദയം ഇപ്പോള്‍ തുടിക്കുന്നത്. ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി നേരത്തേ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഹൃദയത്തിന് പുറമേ സെല്‍വിന്റെ മറ്റ് അവയവങ്ങളും ദാനം ചെയ്തിരുന്നു. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കാണ് ദാനം നല്‍കുന്നത്.
ഹരിനാരായണന് വേണ്ടി സെൽവിന്റെ ഹൃദയം തിരുവനന്തപുരത്ത് …
36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദന വന്നതോടെ അവിടത്തെ ആശുപത്രിയിലും നവംബര്‍ 21-ന് കിംസിലും സെല്‍വിന്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ നവംബര്‍ 24-ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്. തുടര്‍ന്ന് രാത്രി തന്നെ എല്ലാ ക്രമീകരണങ്ങളും നടത്തുകയായിരുന്നു.
ഡല്‍ഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷനില്‍ നിന്ന് കേരളാ പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററാണ് ഹൃദയം കൊണ്ടുപോകാന്‍ ഉപയോഗിച്ചത്. 25 മണിക്കൂര്‍ പറക്കാൻ 80 ലക്ഷംരൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് ഹെലികോപ്റ്റർ വാടക. സാമ്പത്തിക പ്രയാസത്തിനിടെ ഹെലി കോപ്റ്റർ വാടകയ്ക്കെടുത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
2020-ല്‍ മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തിരുന്നു. സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തെന്ന് അന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ വാടകക്കാലാവധിക്കുശേഷം കരാര്‍ പുതുക്കിയിരുന്നില്ല. പിന്നീടാണ് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്.
മാവോവാദി നിരീക്ഷണം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതെന്നാണ് അന്ന് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങള്‍ക്കുകൂടി ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

