KSDLIVENEWS

Real news for everyone

ജിഫ്രി തങ്ങള്‍ക്കെതിരായ സലാമിന്റെ പരിഹാസം; അത് പാര്‍ട്ടി നിലപാടല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

SHARE THIS ON

മലപ്പുറം: സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരോക്ഷമായി പരിഹസിച്ച മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാമിനെ തള്ളി പാര്‍ട്ടി നേതൃത്വം. അത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ മുസ്ലിംലീഗ് അംഗീകരിക്കുന്നില്ലെന്നും ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയായിരുന്നു സലാമിന്റെ പരാമര്‍ശം. സാദിഖലി തങ്ങള്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചു, മറ്റൊരു നേതാവ് അനുഗ്രഹിച്ച സരിന്‍ മൂന്നാം സ്ഥാനത്തേക്കു പോയി, സമുദായം ഏതു നേതാവിനൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമായി എന്നിങ്ങനെയായിരുന്നു സലാമിന്റെ വാക്കുകള്‍.

ഇതിനെതിരേ ലീഗിനെ പിന്തുണയ്ക്കുന്ന അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ള സമസ്ത നേതാക്കളടക്കം രംഗത്തുവന്നു. ജിഫ്രി തങ്ങളെ സലാം അപമാനിച്ചെന്നും ഒട്ടും മാന്യമല്ലാത്ത ശൈലിയില്‍ ആക്ഷേപിച്ചെന്നും നേതാക്കള്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് താന്‍ ജിഫ്രി തങ്ങളെയല്ല, മുഖ്യമന്ത്രിയെയാണ് ഉദ്ദേശിച്ചതെന്ന് സലാം വിശദീകരിച്ചു.

ഇതിനുപിന്നാലെയാണ് കുഞ്ഞാലിക്കുട്ടി അത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടി രീതിയല്ലെന്നു വ്യക്തമാക്കിയത്. ജിഫ്രി തങ്ങളെ പരിഹസിച്ചെന്ന ആരോപണം പി.എം.എ. സലാം തന്നെ നിഷേധിച്ചിട്ടുണ്ടെന്നും എങ്കിലും ആ നിലയ്ക്ക് ആളുകള്‍ ധരിക്കുന്നതുകൊണ്ടാണ് അതു പാര്‍ട്ടി നിലപാടല്ലെന്ന് വ്യക്തമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാദിഖലി തങ്ങളോട് ആലോചിച്ചശേഷമാണ് ഇങ്ങനെ പറയുന്നത്. ഇക്കാര്യം സലാമിനെയും അറിയിച്ചു.

എല്ലാവരും ബഹുമാനിക്കുന്നവരാണ് തങ്ങന്മാര്‍. അവരുടെ പേരില്‍ പ്രസ്താവന നടത്തുമ്പോള്‍ വളരെ സൂക്ഷിക്കണം. നേരത്തേ മുക്കം ഉമര്‍ ഫൈസി പാണക്കാട് തങ്ങള്‍ക്കെതിരേ പ്രസ്താവന നടത്തിയപ്പോഴും ലീഗ് എതിര്‍ത്തതാണ്. സമസ്തയും മുസ്ലിംലീഗും ഒന്നിച്ചുപോകണമെന്ന ലക്ഷോപലക്ഷം പേരുടെ വികാരം മാനിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മുസ്ലിംലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുള്ള തര്‍ക്കത്തിനിടെ സലാമിന്റെ വാക്കുകള്‍ മുന്‍പും വിവാദമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!