ഗാസയില്‍ ഇസ്രായേലിന്റെ കൂട്ടക്കൊല; രണ്ട് കുടുംബത്തിലെ 90 പേരെ ബോംബിട്ട് കൊന്നു
ഗാസയിലെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ബോംബോക്രമണത്തില്‍ രണ്ട് കുടുംബത്തിലെ 90 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തകരെയും ആശുപത്രി അധികൃതരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇസ്രായേലിന്റെ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നതിന് പിന്നാലെ അവശേഷിക്കുന്ന ബന്ധുവീടുകളില്‍ താമസിച്ചിരുന്നവരും കൊല്ലപ്പെട്ടു.കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയുമെന്നാണ് റിപ്പോര്‍ട്ട്.
യു.എൻ അടക്കമുള്ളവര്‍ ഇസ്രായേലിനോട് വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ശനിയാഴ്ച വീടുകള്‍ക്ക് നേരെ ബോംബുകള്‍ വര്‍ഷിച്ചത്. യുദ്ധക്കെടുതികള്‍ മൂലം ഭക്ഷണവും മരുന്നുമില്ലാതെ ഫലസ്തീനീകള്‍ മറ്റൊരു ദുരന്തമുഖത്താണെന്നും, അവശ്യസാധനങ്ങള്‍ അടിയന്തരമായെത്തിക്കാൻ അവസരമൊരുക്കണമെന്നും യു.എൻ കഴിഞ്ഞ ദിവസം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് വകവെക്കാതെയാണ് ഫലസ്തീനികളുടെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ ബോംബേറ് തുടരുന്നത്.
കഴിഞ്ഞ ദിവസം നാല് ഗര്‍ഭിണികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷം ബുള്‍ഡോസര്‍ കയറ്റി മൃതദേഹം വികൃതമാക്കിയതായും ഇവര്‍ പറയുന്നു.
അല്‍ജസീറ ചാനലിനോടാണ് ഒരു ദൃക്‌സാക്ഷി ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്. വെളുത്ത പതാകയുമായി ആശുപത്രിയിലേക്കു തിരിച്ച ഫലസ്തീൻ ഗര്‍ഭിണികള്‍ക്കുനേരെയായിരുന്നു ഇസ്രായേല്‍ ക്രൂരത. വടക്കൻ ഗസ്സയിലുള്ള അല്‍ഔദ ആശുപത്രിയിലേക്കു പ്രസവത്തിനായി പുറപ്പെട്ട നാലുപേര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇവരുടെ മൃതദേഹത്തിനുമേല്‍ ബോള്‍ഡോസര്‍ കയറ്റിയത്.
പ്രദേശത്തെ വീടുകളെല്ലാം വ്യോമാക്രമണത്തിലൂടെ നിലംപരിശാക്കിയിട്ടുണ്ടെന്നും ദൃക്‌സാക്ഷി പറഞ്ഞു. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ അല്‍ജസീറ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഫലസ്തീനി യുവതികളുടെ മൃതദേഹങ്ങളും വികൃതമാക്കപ്പെട്ട നിലയില്‍ ദൃശ്യങ്ങളില്‍ കാണാം.
അല്‍ഔദ ആശുപത്രിയിലെ ജീവനക്കാരായ സ്ത്രീകളെയും ഇസ്രായേല്‍ വധിച്ചുകളഞ്ഞതായി കഴിഞ്ഞ ദിവസം ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്കുള്ള കുടിവെള്ള-വൈദ്യുതബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അവശ്യമരുന്നുകള്‍ പോലും ഇങ്ങോട്ടേക്ക് എത്താൻ ഇസ്രായേല്‍ സൈന്യം അനുവദിക്കുന്നില്ല.