മണിപ്പുർ കലാപത്തെപ്പറ്റി ചോദിക്കണമായിരുന്നു, രാഷ്ട്രീയ അജൻഡ മനസ്സിലാകും’: മോദിയുടെ വിരുന്നിനെതിരെ സിപിഐ

ന്യൂഡൽഹി/തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ക്രിസ്മസ് വിരുന്നിനെതിരെ സിപിഐ. ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രിയൊരുക്കിയ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ സിപിഐ സംസ്ഥാന ആക്ടിങ് സെക്രട്ടറി ബിനോയ് വിശ്വമാണു വിമർശനമുന്നയിച്ചത്. സഭാപ്രതിനിധികളും വ്യവസായ പ്രമുഖരും ഉൾപ്പെടെ 60 പേർ മോദിയുടെ വിരുന്നിൽ പങ്കെടുത്തിരുന്നു.
‘‘ക്രിസ്മസ് വിരുന്നിനു പോയ ബിഷപ്പുമാർ പ്രധാനമന്ത്രിയോടു മണിപ്പുർ കലാപത്തെക്കുറിച്ചു ചോദിക്കണമായിരുന്നു. വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജൻഡ എല്ലാവർക്കും മനസ്സിലാകും.’’– ബിനോയ് വിശ്വം പറഞ്ഞു. ക്രൈസ്തവർ രാജ്യത്തിനു നിസ്തുല സേവനമാണു നൽകുന്നതെന്നും വികസനത്തിന്റെ ഗുണം എല്ലാവർക്കും കിട്ടാനാണു ശ്രമിക്കുന്നതെന്നും മോദി ചടങ്ങിൽ വ്യക്തമാക്കി. മണിപ്പുർ കലാപമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ലെന്നാണു റിപ്പോർട്ട്.
2024 പകുതിയോടെയോ 2025 ആദ്യമോ ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലെത്തുമെന്നു പ്രധാനമന്ത്രി അറിയിച്ചതായി വിരുന്നിൽ പങ്കെടുത്ത സഭാമേലധ്യക്ഷർ പറഞ്ഞു. ആദ്യമായാണു ലോക് കല്യാൺ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കിയത്. രാജ്യമാകെ ക്രിസ്മസ് ദിനാശംസകള്‍ കൈമാറണമെന്നു പ്രവര്‍ത്തകര്‍ക്കു ബിജെപി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ വിരുന്നെന്നതു ശ്രദ്ധേയമാണ്.

