KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ ചര്‍ച്ചയായില്ലെന്നത് പ്രധാനപ്പെട്ട കാര്യം: സാദിഖലി തങ്ങള്‍

SHARE THIS ON

കോഴിക്കോട്: പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍.

ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തി ഉള്ളത് കൊണ്ടായിരിക്കും പ്രാധാനമന്ത്രി ചര്‍ച്ചക്ക് വിളിച്ചതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം. മണിപ്പൂരില്‍ ക്രൈസ്തവ വിഭാഗം ഉള്‍പ്പെടെ വേട്ടയാടപ്പെടുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. എസ്കെഎസ്ബിവി കോഴിക്കോട് വാര്‍ഷിക സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.

അതേസമയം, പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തതിന് ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി രംഗത്തെത്തി. ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പുമാര്‍, എം എസ് ഗോള്‍വല്‍ക്കര്‍ ക്രിസ്ത്യാനികളെക്കുറിച്ച്‌ എഴുതിയത് വായിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഗോള്‍വാല്‍ക്കര്‍ എഴുതിയത് വായിച്ചാല്‍ ആ‍ര്‍ എസ് എസിന്‍റെ രാഷ്ട്രീയ അജണ്ട എന്താണെന്ന് മനസിലാകുമായിരുന്നു എന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ വിരുന്നില്‍

മണിപ്പൂര്‍ കലാപമടക്കമുള്ള വിഷയങ്ങളെക്കുറിച്ച്‌ ബിഷപ്പുമാര്‍ ചോദിക്കേണ്ടതായയിരുന്നു എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

അതേസമയം സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കിയത് കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ എന്നിവരെയാണ് വിരുന്നിലേക്ക് മോദി ക്ഷണിച്ചത്.

ഫ്രാൻസിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ശേഷം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ വ്യക്തമാക്കി. മണിപ്പൂര്‍ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ലെന്നും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ വിവരിച്ചിരുന്നു. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെങ്കിലും വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് ക്രിസ്ത്യൻ സഭാ നേതൃത്വത്തിന്‍റെ പിന്തുണ വേണമെന്ന് വിരുന്നില്‍ മോദി ആവശ്യപ്പെട്ടതായും അവര്‍ വ്യക്തമാക്കി. ക്രൈസ്തവര്‍ രാജ്യത്തിന് നല്‍കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്‍റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്നില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!