വി.വി. രാജേഷ് തിരുവനന്തപുരത്തെ ബിജെപിയുടെ മേയർ സ്ഥാനാർഥി: ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി

തിരുവനന്തപുരം: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ അധ്യക്ഷനുമായ വി.വി. രാജേഷിനെ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി, മൂന്നാമത്തെ പ്രാവശ്യവും കൗൺസിലറായി ജയിച്ചുവന്ന ജി.എസ്. ആശാനാഥിന് നറുക്കുവീണു.
രണ്ടുപതിറ്റാണ്ടായി തിരുവനന്തപുരത്തെ ബിജെപിയുടെ മുഖമായ വി.വി. രാജേഷ്, ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂജപ്പുരയിൽനിന്ന് വിജയിച്ച അദ്ദേഹം, ഈ വർഷം കൊടുങ്ങാനൂരിൽനിന്നാണ് ജയിച്ചത്. എബിവിപി, യുവമോർച്ച, ബിജെപി ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
ആർ. ശ്രീലേഖ, വി.വി. രാജേഷ് എന്നിവരുടെ പേരുകളാണ് മേയർസ്ഥാനത്തേക്ക് അവസാന നിമിഷങ്ങളിൽ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ, ആർഎസ്എസിന്റെ പിന്തുണ വി.വി. രാജേഷിന് ലഭിച്ചതോടെ അദ്ദേഹത്തെ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.
ഇതിനിടെ, മേയർ സ്ഥാനാർഥിയായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന നേതൃത്വം ചർച്ചനടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരാണ് ശ്രീലേഖയുമായി ചർച്ച നടത്തിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള ഒരു സീറ്റിൽ ശ്രീലേഖയെ മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

