അയാൾ നശിച്ചുപോകട്ടെ: ക്രിസ്മസ് രാവിൽ പുതിനെതിരേ സെലൻസ്കിയുടെ പ്രാർഥന;; വീഡിയോ പങ്കുവെച്ചു

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ‘നശിച്ചുപോകട്ടെ’ എന്ന് പ്രാർഥിച്ച് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി. ക്രിസ്മസ് തലേന്ന് എക്‌സിൽ പോസ്റ്റുചെയ്ത വീഡിയോ സന്ദേശത്തിലാണ് സെലൻസ്‌കി പുതിന്റെ അവസാനത്തിനായി പ്രാർഥിച്ചത്. നമ്മുടെയെല്ലാവരുടേയും സ്വപ്‌നവും ആഗ്രഹവും പോലെ ആ വ്യക്തി നശിച്ചുപോകട്ടേ എന്ന് പുതിന്റെ പേര് പരാമർശിക്കാതെ സെലൻസ്‌കി പറഞ്ഞു. തുടർന്ന് അദ്ദേഹം യുക്രൈനിലെ സമാധാനത്തെക്കുറിച്ച് സംസാരിച്ചു.
‘എന്തെല്ലാംതരം ദുരിതങ്ങൾ വരുത്തിയിട്ടും, അതിപ്രധാനമായ ഒന്നിനെ കീഴടക്കാനോ ബോംബെറിയാനോ റഷ്യക്ക് കഴിഞ്ഞിട്ടില്ല. അത് നമ്മുടെ യുക്രൈൻകാരുടെ ഹൃദയമാണ്, പരസ്പര വിശ്വാസവും ഐക്യവുമാണ്. ഇന്ന് നാമെല്ലാവരും ഒരു സ്വപ്‌നം പങ്കുവയ്ക്കുന്നു. നമുക്കെല്ലാവർക്കും ഒരാഗ്രഹമുണ്ട്. എല്ലവരും പറയുന്നതുപോലെ, അയാൾ നശിക്കട്ടെ’ -സെലൻസ്‌കി വീഡിയോ സന്ദേശത്തിൽ പറയുന്നു. യുക്രൈന്റെ സമാധാനത്തിനായി പോരാടുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച റഷ്യ യുക്രൈനിൽ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചിരുന്നു. ഇതിൽ കുറഞ്ഞത് മൂന്നുപേരെങ്കിലും കൊല്ലപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. പിന്നാലെയാണ് സെലൻസ്‌കിയുടെ ക്രിസ്മസ് സന്ദേശം. ക്രിസ്മസ് തലേന്ന് റഷ്യ നടത്തിയ ക്രൂരതയെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന പദ്ധതികളുടെ വിശദാംശങ്ങളും അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചു.

