തിരുവനന്തപുരം കോർപ്പറേഷനിൽ BJPക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ; കേവല ഭൂരിപക്ഷം നേടി ബിജെപി

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ. 50 അംഗങ്ങളുള്ള ബിജെപിക്ക് ഭരണത്തിൽ എത്താൻ സ്വതന്ത്രന്റെ പിന്തുണ നിർണായകം ആയിരുന്നു. 51 ആകുന്നതോടെ കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. പ്രസ്താവനയിലൂടെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ അറിയിച്ചത്.
കണ്ണമ്മൂല വാർഡിൻ്റെ ഗ്രീൻ ഫ്ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങൾക്കും നൽകിയിരുന്നു. എൻ.ഡി.എ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് ഗ്രീൻ ഫ്ലോ കണ്ണമ്മൂല പൂർണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചതെന്നും പാറ്റൂർ രാധാകൃഷ്ണൻ അറിയിച്ചു.
പാറ്റൂർ രാധാകൃഷ്ണന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം
തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വി.വി.രാജേഷിനും ആശാനാഥിനും പിന്തുണ നൽകുമെന്ന് കണ്ണമ്മൂല വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.രാധാകൃഷ്ണൻ്റെ ഇലക്ഷൻ കമ്മിറ്റിക്കു വേണ്ടി ചെയർപേഴ്സൺ ആശ പി.ആറും ജനറൽ കൺവീനർ അഡ്വ.വിമൽ ജോസും അറിയിച്ചു.
കണ്ണമ്മൂല വാർഡിൻ്റെ ഗ്രീൻ ഫ്ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങൾക്കും നൽകിയിരുന്നു. എൻ.ഡി.എ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് ഗ്രീൻ ഫ്ലോ കണ്ണമ്മൂല പൂർണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചത്.
മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി സ്വതന്ത്രനായി വിജയിച്ച എം.രാധാകൃഷ്ണനെ സംബന്ധിച്ച് സ്വന്തം വാർഡിൻ്റെ വികസനം മാത്രമാണ് ലക്ഷ്യം.
അതിന് സഹായകമാകുന്ന നിലപാട് സ്വീകരിക്കുന്നവരോട് പുറംതിരിഞ്ഞ് നിൽക്കാൻ കഴിയില്ല. നഗരഹൃദയത്തിലുള്ള ഒരു വാർഡിൻ്റെ കൗൺസിലറെന്ന നിലയിൽ തലസ്ഥാന വികസനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകണമെന്നതാണ് എം.രാധാകൃഷ്ണൻ്റെയും ഒപ്പം നിൽക്കുന്നവരുടെയും ഉറച്ച നിലപാടെന്ന് ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.
രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്
തിരുവനന്തപുരം കണ്ണമ്മൂല വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ രാധാകൃഷ്ണൻ ജിയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
കണ്ണമ്മൂല വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ ഞങ്ങൾ ചർച്ച ചെയ്തു. വികസിത തിരുവനന്തപുരം എന്ന ഞങ്ങളുടെ ലക്ഷ്യവുമായി പൂർണ്ണമായും ചേർന്നു നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ പദ്ധതികൾ.
ഈ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനും കണ്ണമ്മൂലയിലെ ജനങ്ങൾക്ക് യഥാർത്ഥ പുരോഗതിയും വികസനവും ഉറപ്പാക്കുന്നതിനും എല്ലാവിധ പിന്തുണയും സഹായവും ഞാൻ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു.

