KSDLIVENEWS

Real news for everyone

ഡല്‍ഹിയില്‍ അധിക സുരക്ഷാ വിന്യാസത്തിന് ഉത്തരവിട്ട് അമിത് ഷാ; കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി

SHARE THIS ON

ന്യൂഡൽഹി: ഡൽഹിയിൽ സുരക്ഷക്കായി 15 കമ്പനി അർദ്ധസൈനികരെ കൂടുതൽ നിയോഗിക്കും.രാജ്യതലസ്ഥാനത്ത് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ മേധാവി, ഡൽഹി പോലീസ് കമ്മീഷണർ തുടങ്ങിയവർ അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലി സംഘർഷങ്ങളോടെയാണ് അവസാനിച്ചത്. കർഷകർ തങ്ങളുടെ സമരഭൂമിയായ സിംഘു അതിർത്തിയിലേക്ക് മടങ്ങി. ട്രാക്ടർ പരേഡിനിടെ കർഷകരും പോലീസും തമ്മിൽ കാര്യമായ ഏറ്റുമുട്ടൽ നടന്ന ഐടിഒ, ഗാസിപുർ, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.

സിംഘു അടക്കമുള്ള ഡൽഹിയുടെ അഞ്ച് അതിർത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും നേരത്തെ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു ഇത്.

ആയിരക്കണക്കിന് കർഷകരാണ് റിപ്പബ്ലിക് പരേഡിന് പിന്നാലെ ഇന്ന് രാവിലെ ആരംഭിച്ച ട്രാക്ടർ പരേഡിൽ അണി ചേർന്നത്. പ്രക്ഷോഭകരിൽ ചിലർ നേരത്തെ നിശ്ചയിച്ച റൂട്ടുകളിൽ നിന്ന് മാറി പരേഡ് നടത്തിയതാണ് സംഘർഷങ്ങളിൽ കലാശിച്ചത്. ചെങ്കോട്ടയടക്കം പിടിച്ചടക്കിയ പ്രതിഷേധക്കാർ അവിടെ തങ്ങളുടെ പതാക ഉയർത്തി. ഇത് വ്യാപക വിമർശനങ്ങൾക്കിടയാക്കി. എന്നാൽ അക്രമസംഭവങ്ങളെ തള്ളി പറഞ്ഞ കർഷക സംഘടനകൾ ചിലർ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ റാലിയിൽ നുഴഞ്ഞുകയറിയതായി ആരോപിച്ചു.

സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചിരുന്നു. പോലീസ് വെടിവെയ്പ്പിനെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് കർഷകർ പ്രതിഷേധിക്കുകയാണ്. മൃതദേഹം മാറ്റാൻ പോലീസിനെ അനുവദിക്കാതെ ദേശീയ പതാക പുതപ്പിച്ച് കർഷകർ പ്രതിഷേധിച്ചു. തുടർന്ന് സമരകേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റി.

സംഘർഷത്തിൽ പതിനെട്ടോളം പോലീസുകാർ ഡൽഹി എൽഎൻജിപി ആശുപത്രിയിൽ അഡ്മിറ്റാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നിരവധി കർഷർക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!