രാഷ്ട്രപതിയുടെ മെഡൽ നേടി ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽ കുമാർ

കാസർകോട്: കൃത്യനിർവഹണത്തിലെ കണിശതയും പെരുമാറ്റത്തിലെ ലാളിത്യവും മുഖമുദ്രയാക്കിയ ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽ കുമാറിന്റെ യൂണിഫോമിൽ ഇനി രാഷ്ട്രപതിയുടെ അംഗീകാരമുദ്രയും. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ അദ്ദേഹം ജില്ലയ്ക്കും പൊലീസിനും അഭിമാനമായി.തന്നെ ഏൽപ്പിച്ച കേസുകളിൽ കുറ്റവാളികളെ എല്ലാം അഴിക്കുള്ളിലടച്ച പൊലീസ് ഓഫിസറായ സി.കെ.സുനിൽകുമാർ പൊലീസ് സേനയിലെത്തിയിട്ട് 23 വർഷമായി. സത്യത്തിനൊപ്പം നിൽക്കുന്ന ജനകീയനായ ഓഫിസർ എന്ന നിലയിലും ഏൽപിക്കുന്ന ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്ന ആൾ എന്ന നിലയിലും സേവനം. സി.കെ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഡിവൈഎസ്പി ലഹരിക്കടത്തിനെതിരെ ശക്തമായ നടപടികളെടുത്തതോടെ ഒട്ടേറെ പ്രതികളാണു വലയിലായത്.
2023-ൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എംഡിഎംഎ എത്തിക്കുന്ന രാജ്യാന്തര സംഘത്തിലെ പ്രധാനികളായ നൈജീരിയൻ യുവതിയെയും യുവാവിനെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത് ഇവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. 2015-ൽ ചെറുവത്തൂരിൽ നടന്ന വിജയാ ബാങ്ക് കവർച്ച, കാസർകോട് – കുഡ്‌ലു സഹകരണ ബാങ്ക് കവർച്ച, കാഞ്ഞങ്ങാട്ട് രാജധാനി സ്വർണാഭരണശാലയിലെ കവർച്ച, നീലേശ്വരത്തെ തങ്കമണി വധക്കേസ്, കാസർകോട് 100 കിലോ കഞ്ചാവ് പിടികൂടിയ കേസ്, പെരിയ സുബൈദ വധക്കേസ്, ചീമേനിയിലെ ജാനകി വധക്കേസ് തുടങ്ങി പ്രമാദമായ ഒട്ടേറെ കേസുകൾ തെളിയിക്കാൻ മുന്നിലുണ്ടായിരുന്നു.
2015-ൽ മികച്ച സൈബർ പൊലീസ് ഉദ്യോഗസ്ഥന് നാസ്‌കോം നൽകുന്ന ഇന്ത്യൻ സൈബർ കോപ് അവാർഡ് നേടിയിട്ടുണ്ട്. സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും 3 തവണ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും 103 തവണ ഗുഡ് സർവീസ് എൻട്രിയും ഒട്ടേറെ തവണ ക്യാഷ് റിവാർഡും, മെറിറ്റോറിയസ് സർവീസ് എൻട്രിയും കിട്ടിയിരുന്നു. ചെറുവത്തൂർ സ്വദേശിയായ സി.കെ,സുനിൽകുമാർ മാവുങ്കാൽ നെല്ലിത്തറയിലാണ് നിലവിൽ താമസിക്കുന്നത്. ഭാര്യ നീതാറാണി. മക്കൾ: എം.ജാനവി, വൃഷാങ്ക് സുനിൽ (ഇരുവരും വിദ്യാർഥികൾ ക്രൈസ്റ്റ് സ്കൂൾ കാഞ്ഞങ്ങാട്).

