ഇറാനെതിരായ സൈനിക നടപടിക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ

ദുബായ്: ഇറാനെ ആക്രമിക്കാൻ യു.എസ് ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കുന്നു എന്ന റിപ്പോർട്ടുകള്‍ക്കിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യു.എ.ഇ.
ഇറാനെതിരായ സൈനിക നടപടിക്ക് തങ്ങളുടെ പ്രദേശങ്ങളൊന്നും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൈനിക നടപടിക്ക് തങ്ങളുടെ വ്യോമാതിർത്തിയോ കരപ്രദേശമോ ജലപാതയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്.
സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരായ ആക്രമണത്തിന് എമിറേറ്റ്സ് ഒരുതരത്തിലുമുള്ള ലോജിസ്റ്റിക്കല്‍ പിന്തുണയും നല്‍കില്ലെന്ന് വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. നയതന്ത്രമാർഗങ്ങളിലൂടെ തർക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള യു.എ.ഇയുടെ സമീപനത്തെ വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.ഇയും സമാന നിലപാടുമായി രംഗത്തെത്തിയത്.

