KSDLIVENEWS

Real news for everyone

അതിർത്തിയിലെ നിയന്ത്രണത്തിൽ നാളെ വരെ; ഇളവ് ആശയക്കുഴപ്പം തുടരുന്നു.

SHARE THIS ON

മംഗളൂരു ∙ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കു ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയക്കുഴപ്പം തുടരുന്നു. നിയന്ത്രണങ്ങളിൽ നാളെ വരെ താൽക്കാലിക ഇളവ് വരുത്തിയതായി ജില്ലാ ഡപ്യൂട്ടി കമ്മിഷണർ (കലക്ടർ) ഡോ.കെ.വി.രാജേന്ദ്ര വ്യക്തമാക്കി. 5 പാതകളിൽ കൂടി മാത്രമാണു നിലവിൽ കേരളത്തിൽ നിന്നു ജില്ലയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ആർക്കെങ്കിലും ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കോവിഡ് പരിശോധനാ ക്യാംപുകൾ സംഘടിപ്പിച്ച് ആളുകളുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കും.

തുടർന്ന് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നു ‌ഡപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കാസർകോട് ജില്ലയിൽ നിന്നു ദക്ഷിണ കന്നഡയിലേക്കുള്ള 17 റോഡുകളിൽ 12 എണ്ണം അടച്ചു. ഗതാഗതം അനുവദിച്ച 5 പാതകളിൽ ചെക്പോസ്റ്റുകൾ സ്ഥാപിച്ചു. ഈ പാതകളിലൂടെ കർണാടകയിൽ കയറുന്നതിന് ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണമെന്ന നിർദേശവും നൽകി. ഇതോടെ തിങ്കളാഴ്ച മുതൽ യാത്രക്കാർ ആർടിപിസിആർ പരിശോധനയ്ക്കായി നെട്ടോട്ടമാണ്. ആദ്യ 2 ദിവസങ്ങളിലായി സ്ഥിരം യാത്രക്കാർ മിക്കവരും പരിശോധനയ്ക്കായി സ്രവ സാംപിൾ നൽകി.

ഇതിനു പിന്നാലെ, സ്ഥിരം യാത്രക്കാർക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്നും അതിർത്തിയിൽ പനി പരിശോധന നടത്തി കടത്തി വിടുമെന്നും കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ ബുധനാഴ്ച വ്യക്തമാക്കി. എന്നാൽ, നിയന്ത്രണങ്ങളിൽ എന്തെങ്കിലും ഇളവു വരുത്തിക്കൊണ്ടുള്ള യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് ജില്ലാ ആരോഗ്യ ഓഫിസർ ഡോ.രാമചന്ദ്ര ബയാറി വ്യക്തമാക്കി. അതേ സമയം അതിർത്തിയിലെ നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ച മുതൽ വരുത്തിയ ഇളവ് ഡപ്യൂട്ടി കമ്മിഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നാളെ വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!