KSDLIVENEWS

Real news for everyone

ആദ്യദിനം 250 കടന്ന് വിദര്‍ഭ, നാലുവിക്കറ്റ് നഷ്ടം; മാലേവറിന് സെഞ്ചുറി, നിധീഷിന് രണ്ടുവിക്കറ്റ്‌

SHARE THIS ON

നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭ ശക്തമായ നിലയിൽ. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ വിദർഭ 86 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിലാണ്. ഇതിൽ 215 റൺസും പിറന്നത് നാലാംവിക്കറ്റിലെ ഡാനിഷ് മാലേവർ – കരുൺ നായർ കൂട്ടുകെട്ടിൽ. ആദ്യദിനം അവസാനിക്കാനിരിക്കേ കരുൺ നായർ പുറത്തായത് ആതിഥേയർക്ക് തിരിച്ചടിയായി.

തുടക്കത്തിലെ ഒരു മണിക്കൂറൊഴിച്ചാൽ പിന്നീട് വിദർഭയ്ക്കായിരുന്നു മത്സരത്തിൽ മേൽക്കൈ. ആദ്യത്തെ ഒരു മണിക്കൂറിൽ പേസിനനുകൂലമായ പിച്ച് വന്നത് കേരളം മുതലെടുത്തു. 24 റൺസെടുത്തപ്പോഴേക്ക് വിദർഭയുടെ മൂന്നുപേരെ പുറത്താക്കി. പിന്നീട് ഡാനിഷ് മാലേവറുടെ സെഞ്ചുറിയും (259 പന്തിൽ 138*) കരുൺ നായരുടെ അർധ സെഞ്ചുറിയും (188 പന്തിൽ 86) വിദർഭയ്ക്ക് രക്ഷയായി. എഴുപത് ഓവറിനോടടുത്ത് പിടിച്ചുനിന്ന ഈ സഖ്യം കേരളത്തിന്റെ മേധാവിത്വം തകർത്തു.

ടീം സ്കോർ 239-ൽ നിൽക്കേ, കരുൺ നായർ റണ്ണൗട്ടായി പുറത്താവുകയായിരുന്നു. മാലേവറും യഷ് താക്കൂറുമാണ് ക്രീസിൽ. കേരളത്തിനായി എം.ഡി നിധീഷ് രണ്ടു വിക്കറ്റും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തേ 24 റണ്‍സിനിടെ വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ കേരളം വീഴ്ത്തിയിരുന്നു. കളിയാരംഭിച്ച് രണ്ടാം പന്തില്‍ തന്നെ കേരളം വിക്കറ്റ് വേട്ട തുടങ്ങി. വിദര്‍ഭയുടെ പാര്‍ഥ് രേഖാഡെയെ (0) എം.ഡി നീധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. റീപ്ലേയില്‍ താരം ഔട്ടാണെന്ന് തെളിഞ്ഞു. പിന്നാലെ ഏഴാം ഓവറില്‍ ദര്‍ശന്‍ നല്‍ക്കാണ്ടെയെ (1) നിധീഷ്, ബേസിലിന്റെ കൈകളിലെത്തിച്ചു.

തുടര്‍ന്ന് ടീം സ്‌കോര്‍ 24-ല്‍ നില്‍ക്കേ 35 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ധ്രുവ് ഷോറെയെ 19-കാരന്‍ ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ഡാനിഷ് മാലേവര്‍ – കരുണ്‍ നായര്‍ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ കാത്തു.

നേരത്തേ വിദര്‍ഭയ്‌ക്കെതിരേ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം ഇടംനേടി.

കേരളം (പ്ലേയിങ് ഇലവന്‍): അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, ആദിത്യ സര്‍വതെ, എം.ഡി നിധീഷ്, എന്‍. ബേസില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!