KSDLIVENEWS

Real news for everyone

മോദി സുഹൃത്ത് മാത്രമല്ല, സഹോദരൻ: മോദി ഹഗ് കിട്ടിയതിൽ സന്തോഷമെന്ന് നെതന്യാഹു

SHARE THIS ON

ജെറുസലേം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പാർലമെന്റായ കനെസെറ്റിൽ മോദിക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഇസ്രയേൽ പാർലമെന്റിൽ എത്തിയ പ്രധാനമന്ത്രിക്ക് അംഗങ്ങൾ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിച്ചു. മോദി ഇസ്രയേലിന്റെ ഉറച്ച സഖ്യകക്ഷിയാണെന്നും അദ്ദേഹം ഇന്ത്യയെ മാറ്റിമറിച്ചുവെന്നും കനെസെറ്റ് സ്പീക്കർ അമീർ ഓഹാന പ്രശംസിച്ചു.

മോദിയെ തന്റെ ‘സുഹൃത്ത് മാത്രമല്ല, സഹോദരനാണ്’ എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ലോകമെമ്പാടും പ്രശസ്തമായ ‘മോദി ഹഗ്’ തനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പാർലമെന്റിൽ പറഞ്ഞു. മോദി ഇസ്രയേലിന്റെ വലിയൊരു സുഹൃത്തും ഇന്ത്യ-ഇസ്രയേൽ സഖ്യത്തിന്റെ വലിയൊരു പോരാളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുള്ള വലിയ ശക്തിയാണ് ഇന്ത്യ. ഇസ്രയേൽ വലിപ്പത്തിൽ ചെറുതാണെങ്കിലും പ്രവൃത്തിയിലും വീര്യത്തിലും അത്രതന്നെ വലുതാണെന്നും ഈ രണ്ട് ശക്തികളുടെയും സഖ്യം ഇരുരാജ്യങ്ങളുടെയും ശേഷി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് പ്രധാനമന്ത്രി മോദിയുമായി മെഡിറ്ററേനിയൻ തീരത്ത് ചെലവഴിച്ച സമയം അദ്ദേഹം അനുസ്മരിച്ചു. അന്നുതൊട്ടിന്നുവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയായും സഹകരണം മൂന്നിരട്ടിയായും വർദ്ധിപ്പിച്ചുകൊണ്ട് തങ്ങൾ അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടു. മോദി എന്നും സത്യത്തിനുവേണ്ടിയും ഇസ്രയേലിനൊപ്പവും നിന്നിട്ടുണ്ടെന്ന് അദ്ദേഹം നന്ദിപൂർവ്വം സ്മരിച്ചു. ലോകമെമ്പാടും യഹൂദ വിരുദ്ധത വർദ്ധിക്കുമ്പോഴും, ജൂതസമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാത്ത, അവരെ എപ്പോഴും സ്വാഗതം ചെയ്ത ഒരു നാഗരികതയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അതിന് ഇന്ത്യയോട് നെതന്യാഹു നന്ദി അറിയിച്ചു. ഇന്ത്യയും ഇസ്രയേലും ഇപ്പോൾ തങ്ങളുടെ കരുത്തിന്റെ കൊടുമുടിയിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇസ്രയേലിലെ പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്‌കരിച്ചിരുന്നു. സുപ്രീം കോടതി പ്രസിഡന്റിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാർട്ടികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. എന്നാൽ ഇന്ത്യയോടുള്ള ബഹുമാനസൂചകമായി മോദിയുടെ പ്രസംഗം കേൾക്കാൻ അവർ പിന്നീട് തിരിച്ചെത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഇസ്രയേലിലെത്തിയത്. ടെൽ അവീവിലെ ബെൻ ഗുറിയാൻ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മര്യാദകൾ മാറ്റിവെച്ച് ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി. ടെൽ അവീവിലെ ഹോട്ടലിൽ വെച്ച് പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയും വിവിധ സാംസ്‌കാരിക പരിപാടികൾ വീക്ഷിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!