നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു: ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു; മോദി

ജറുസലം: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2023 ഒക്ടോബറിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ട ഹമാസ് ആക്രമണത്തെയും, 175 ഓളം പേർ മരിച്ച മുംബൈ ഭീകരാക്രമണത്തെയും പ്രധാനമന്ത്രി താരതമ്യം ചെയ്തു.
‘‘ഞങ്ങൾ നിങ്ങളുടെ വേദന അനുഭവിക്കുന്നു. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനപ്പുറവും പൂർണ വിശ്വാസത്തോടെ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഈ ഭൂമിയുമായുള്ള ഇന്ത്യയുടെ ബന്ധം രക്തവും ബലിയർപ്പണവും കൊണ്ട് എഴുതപ്പെട്ടതാണ്. ഒന്നാം ലോകമഹായുദ്ധസമയത്ത് അയ്യായിരത്തിലധികം ഇന്ത്യൻ സൈനികർ ഈ മേഖലയിൽ ജീവൻ ബലിയർപ്പിച്ചു. 1918 സെപ്റ്റംബറിലെ ഹൈഫയിലെ കുതിരപ്പടയുടെ മുന്നേറ്റം സൈനിക ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഇന്നും നിലനിൽക്കുന്നു’’ – നരേന്ദ്ര മോദി പറഞ്ഞു.
സിന്ധുനദീതടത്തിലെയും ജോർദാൻ താഴ്വരയിലെയും പുരാതന നാഗരികതകളെ പരാമർശിച്ചുകൊണ്ട് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും പങ്കിട്ട സംസ്കാരത്തെയും കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശദീകരിച്ചു.

