KSDLIVENEWS

Real news for everyone

പിഴ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പിൻ്റെ വ്യാജ സന്ദേശം; വ്യാപാരിയുടെ 15 ലക്ഷം നഷ്ടമായി

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ സൈബർ തട്ടിപ്പിലൂടെ വസ്ത്ര വ്യാപാരിയിൽ നിന്ന് 15 ലക്ഷത്തിലധികം രൂപ കവർന്നു. കിളിമാനൂർ സ്വദേശി മുഹമ്മദ് അനസിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. വാഹനത്തിന് പിഴയുണ്ടെന്ന മോട്ടോർ വാഹന വകുപ്പിൻ്റെ വ്യാജ സന്ദേശ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോഴാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,59,383 രൂപ നഷ്ടമായത്.

ഫെബ്രുവരി ആദ്യവാരം വാഹനത്തിന് മൂന്ന് പെറ്റിയുണ്ടെന്നും ഇപ്പോൾ അടയ്ക്കുകയാണെങ്കിൽ ഫൈൻ ഒഴിവാക്കി തരാമെന്നും കാണിച്ച് മോട്ടോർ വാഹന വകുപ്പിൻ്റെതെന്ന പേരിൽ സന്ദേശവും ഒരു ലിങ്കും വ്യാപാരിക്ക് വന്നു. വാഹനത്തിന് പെറ്റിയുണ്ടായിരുന്നതിനാൽ അനസ് ലിങ്കിൽ ക്ലിക്ക് ചെയ്ത് തുടർന്നുവന്ന വെബ്സൈറ്റിൽ വാഹനത്തിൻ്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഫെബ്രുവരി ഏഴിന് ബിസിനസ് ടൂറിൻ്റെ ഭാഗമായി അനസ് വിദേശ രാജ്യത്തേക്ക് പോയി. അവിടെ വെച്ച് അനസിൻ്റെ രണ്ട് മൊബൈൽ ഫോൺ നമ്പരിൻ്റേയും സിഗ്നൽ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഫെബ്രുവരി 13ന് നാട്ടിലെത്തിയശേഷം നമ്പർ കട്ടായത് അന്വേഷിച്ചപ്പോഴാണ് സിം പോർട്ട് ചെയ്തതായി മനസ്സിലായത്. സംശയം തോന്നിയ വ്യാപാരി ബാങ്കിലെത്തി നമ്പർ ലിങ്ക് ചെയ്ത അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വിവിധ ദിവസങ്ങളിലായി വിവിധ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ പിൻവലിച്ചതായി അറിയുന്നത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിക്കാതെ മൊബൈൽ നമ്പർ എങ്ങനെ പോർട്ട് ചെയ്യാൻ സാധിച്ചുവെന്നതിൽ ദുരൂഹതയുണ്ട്. വ്യാപാരി രണ്ടു മൊബൈൽ നമ്പർ ഉപയോഗിക്കുന്നുണ്ട്. രണ്ട് നമ്പരും ലിങ്ക് ചെയ്ത രണ്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടും അദ്ദേഹത്തിനുണ്ട്. രണ്ട് സിമ്മുകളിൽ ഒരെണ്ണം പോർട്ട് ചെയ്യുന്നത് തടയാനായതിനാൽ കൂടുതൽ നഷ്ടമുണ്ടാകുന്നത് തടയാനായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!