KSDLIVENEWS

Real news for everyone

ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു: 8 മലയാളികൾക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

SHARE THIS ON

റിയാദ്: ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പ്രവാസി മലയാളികൾ സൗദി അറേബ്യയിൽ മരിച്ചു. ഹോത്ത ബനീ തമീമിൽ താമസിക്കുന്ന പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച ഒരു മണിയോടെ ഇവർ സഞ്ചരിച്ച ബസിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടമായി എതിർവശത്തെ റോഡിൽ ഇടിച്ചുമറിയുകയായിരുന്നു. റിയാദിൽ നിന്ന് 500 കിലോമീറ്ററോളം ദൂരെയുള്ള ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്‌ലൂമിയ എന്ന സ്ഥലത്ത് വിജനമായ പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്. 

 പരുക്കേറ്റ 18 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ എട്ടുപേർ മലയാളികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വയനാട് വെള്ളമുണ്ട സ്വദേശി ഹാരിസിനെ വിദഗ്ധ ചികിത്സയ്ക്കായി ത്വാഇഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ 5 മണിയോടെ ഹോത്ത ബനീ തമീമിൽ നിന്നുമായിരുന്നു 50 ഓളം പേരടങ്ങുന്ന തീർഥാടക സംഘം സ്വകാര്യ ഉംറ തീർഥാടക ഗ്രൂപ്പിൽ ഉംറ നിർവഹിക്കുന്നതിനായി പുറപ്പെട്ടത്. യാത്രക്കിടെ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ചിരുന്നു. യാത്ര തുടർന്നു. ബസിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്‌ലൂമിയയിൽ വെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 

ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. മറിഞ്ഞ ബസിന്റെ മുൻവശവും, മേൽഭാഗവും പൊട്ടിപ്പൊളിഞ്ഞു. ഇടിയുടെ ആഘാതത്തിൽ പൊളിഞ്ഞുപോയ ഭാഗത്തു കൂടെ പുറത്തേക്ക് തെറിച്ചു വീണ് സാരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ബസിനുള്ളിൽ ഉണ്ടായിരുന്ന മിക്ക യാത്രക്കാരും അപകടം നടക്കുമ്പോൾ ഉറക്കത്തിലായിരുന്നു. ബസിന്റെ പൊട്ടിപ്പൊളിഞ്ഞു മാറിയ ഭാഗങ്ങളിലൂടെയാണ് മറ്റ് യാത്രക്കാർ പുറത്തിറങ്ങാനായത്. 

ബസിനു പുറത്തെത്തിയവർ ചേർന്നാണ് ബാക്കിയുള്ളവരെ പുറത്തെത്തിച്ചത്. സംഭവം അറിഞ്ഞയുടനെ തന്നെ പാഞ്ഞെത്തിയ പൊലീസും റെഡ് ക്രസൻറും, ജീവൻരക്ഷാ ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം തുടർന്നു. യാത്രക്കാരിൽ ഒട്ടുമിക്ക പേർക്കും പരിക്കുപറ്റി. തീർഥാടക സംഘത്തിൽ മലയാളികൾക്ക് പുറമെ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!