‘ഡു ഓർ ഡൈ’ തിരഞ്ഞെടുപ്പ്, ഇന്ത്യാസഖ്യം അധികാരത്തിൽവന്നാൽ പൗരത്വഭേദഗതി ചവറ്റുകൊട്ടയിൽ: എ.കെ. ആന്റണി

തിരുവനന്തപുരം: ലോക്സഭയിലേക്ക് നടക്കുന്നത് ‘ഡു ഓര് ഡൈ’ തിരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. ഇന്ത്യയെന്ന ആശയം നിലനില്ക്കണോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ പൗരത്വനിയമഭേദഗതി ചവറ്റുകൊട്ടയില്‍ എറിയുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയെന്ന ആശയം നിലനില്ക്കണോയെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഭരണഘടനയും മൗലികാവകാശങ്ങളും കാറ്റില്‍പ്പറത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ, അതൊക്കെ ചെയ്യാന്‍ എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ ഞാന്‍ തയ്യാറാവും. മതത്തിന്റെ പേരിലുള്ള പൗരത്വത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഏതറ്റംവരേയും പോകും’, ആന്റണി വ്യക്തമാക്കി. മകന് അനില്‍ ആന്റണി ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കുവേണ്ടി പ്രചാരണത്തിന് പോകുമോയെന്ന ചോദ്യത്തിന്, ‘അപ്പോഴത്തെ ആരോഗ്യസ്ഥിതി അനുസരിച്ചിരിക്കും’ എന്നായിരുന്നു എ.കെ. ആന്റണിയുടെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി. ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. പിന്നീട് തിരുവനന്തപുരം വിട്ടുപോയത് തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പിന് മാത്രമാണ്. ഇത്തവണത്തെ പ്രചാരണം എങ്ങനെയാവുമെന്ന് വരുംദിവസങ്ങളിലെ അരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു

