KSDLIVENEWS

Real news for everyone

ബെംഗളൂരുവിന് ആശ്വാസം; ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തു, സീസണിലെ രണ്ടാം ജയം

SHARE THIS ON

ഹൈദരാബാദ്: സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. വിരാട് കോലിയുടെയും രജത് പാട്ടിദറിന്റെയും അര്‍ധ സെഞ്ചുറി ബലത്തില്‍ 206 റണ്‍സ് നേടിയ ഡു പ്ലെസിസും സംഘവും പിന്നീട് പന്തുകൊണ്ടും ഹൈദരാബാദിനുമേല്‍ മേധാവിത്വം പുലര്‍ത്തി. ആദ്യ പത്തോവറില്‍ത്തന്നെ ആറ് വിക്കറ്റുകള്‍ വീണ ഹൈദരാബാദിന് പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായില്ല. സ്‌കോര്‍- ബെംഗളൂരു: 206/7 (20 ഓവര്‍). ഹൈദരാബാദ്: 171/8 (20 ഓവര്‍).
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബെംഗളൂരുവിന്റെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഇന്നിങ്‌സിന്റെ മുന്നോട്ടുപോക്ക്. 20 പന്തില്‍ 50 റണ്‍സുമായി രജത് പാട്ടിദറും 43 പന്തില്‍ 51 റണ്‍സുമായി വിരാട് കോലിയുമാണ് ബെംഗളൂരു സ്‌കോര്‍ ഇരുന്നൂറ് കടത്തിയത്. നാലോവറില്‍ 30 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി ജയ്‌ദേവ് ഉനദ്കട്ട് ഹൈദരാബാദ് നിരയില്‍ വ്യക്തിഗത മികവ് പുലര്‍ത്തി.

കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും മികച്ച തുടക്കമാണ് ബെംഗളൂരുവിന് നല്‍കിയത്. കമിന്‍സിന്റെ മൂന്നാം ഓവറില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 19 റണ്‍സ്. നാലാം ഓവറില്‍ നടരാജന്റെ പന്തില്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കി ഡുപ്ലെസിസ് മടങ്ങി. നേടിയത് 12 പന്തില്‍ 25 റണ്‍സ്. 61-ന് ഒന്ന് ആയിരുന്നു ബെംഗളൂരുവിന്റെ പവര്‍ പ്ലേ സ്‌കോര്‍.

മാര്‍ക്കണ്ഡെ എറിഞ്ഞ ഏഴാം ഓവറില്‍ വില്‍ ജാക്സ് പുറത്തായി (9 പന്തില്‍ 6). തുടര്‍ന്ന് രജത് പാട്ടിദറെത്തി. കോലിയും പാട്ടിദറും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 65 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മാര്‍ക്കണ്ഡെ എറിഞ്ഞ 11-ാം ഓവറില്‍ പാട്ടിദറിന്റെ നാല് സിക്സ് സഹിതം 27 റണ്‍സാണ് നേടിയത്. 19 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ച പാട്ടിദര്‍ 20-ാം പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കി പുറത്തായി. ഉനദ് കട്ടിനാണ് വിക്കറ്റ്. 20 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും സഹിതം 50 റണ്‍സാണ് സമ്പാദ്യം. ഇതോടെ ആര്‍.സി.ബി.ക്കുവേണ്ടി ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ താരമാവാന്‍ പാട്ടിദറിന് കഴിഞ്ഞു. 17 പന്തുകളില്‍ ഫിഫ്റ്റി നേടിയ ഗെയ്ലാണ് മുന്നിലുള്ളത്.

37 പന്തില്‍നിന്നാണ് കോലി അര്‍ധ സെഞ്ചുറി കുറിച്ചത്. 15-ാം ഓവറില്‍ ഉനദ്കട്ടിന്റെ പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ കോലി നേടിയത് 43 പന്തില്‍ 51 റണ്‍സ്. ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടുന്ന ഇന്നിങ്സ്. ആദ്യ 23 റണ്‍സ് 11 പന്തുകളില്‍നിന്ന് നേടിയ കോലി, പിന്നീടുള്ള 28 റണ്‍സ് നേടാനെടുത്തത് 32 പന്തുകള്‍.


കോലിക്കു പിന്നാലെ മഹിപാല്‍ ലാംററും (7) പുറത്തായി. ഇതിനിടെ ഒരുവശത്ത് കാമറോണ്‍ ഗ്രീന്‍ പിടിച്ചുനിന്നു. ദിനേഷ് കാര്‍ത്തിക് (ആറ് പന്തില്‍ 11) 19-ാം ഓവറില്‍ കമ്മിന്‍സിന്റെ പന്തില്‍ സമദിന് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ സ്വപ്നില്‍ സിങ്ങും ഗ്രീനുമായി ക്രീസില്‍. കാമറോണ്‍ ഗ്രീന്‍ പുറത്താവാതെ 20 പന്തില്‍ 37 റണ്‍സ് നേടി. സ്വപ്നില്‍ സിങ് ആറുപന്തില്‍ 12. ഹൈദരാബാദിനായി നടരാജന്‍ (രണ്ട്), കമിന്‍സ്, മാര്‍ക്കണ്ഡെ (ഓരോന്ന്) വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ത്തന്നെ വമ്പനടിക്കാരന്‍ ട്രാവിസ് ഹെഡിനെ നഷ്ടമായി. വില്‍ ജാക്‌സിന്റെ പന്തില്‍ കരണ്‍ ശര്‍മ ക്യാച്ച് ചെയ്ത് പുറത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്ണേ ട്രാവിസിന് ചേര്‍ക്കാനായുള്ളൂ. യഷ് ദയാല്‍ എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശര്‍മയും പുറത്തായി. 13 പന്തില്‍ 31 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിക്കൊണ്ടിരിക്കേയാണ് വിക്കറ്റ് കളഞ്ഞത്.

അടുത്ത ഓവറില്‍ എയ്ഡന്‍ മാര്‍ക്രമും പുറത്തായതോടെ പവര്‍പ്ലേയില്‍ത്തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായി ഹൈദരാബാദ്. എന്നിരുന്നാലും ടീം റണ്‍സ് മികച്ചുതന്നെ നിന്നു-62/4. കരണ്‍ ശര്‍മയെറിഞ്ഞ എട്ടാം ഓവറില്‍ അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടതോടെ (നിതീഷ് റെഡ്ഢി) ഹൈദരാബാദിന് തിരിച്ചുവരവ് വലിയ ബുദ്ധിമുട്ടായി. പത്താം ഓവറില്‍ അബ്ദുല്‍ സമദും (10) പുറത്തായി.

37 പന്തില്‍ 40* റണ്‍സെടുത്ത ഷഹ്ബാസ് അഹ്‌മദും 13 പന്തില്‍ 31 റണ്‍സെടുത്ത അഭിഷേക് ശര്‍മയും 15 പന്തില്‍ 31 റണ്‍സെടുത്ത പാറ്റ് കമിന്‍സും മാത്രമാണ് ഹൈദരാബാദ് നിരയില്‍ പറയത്തക്ക ഇന്നിങ്‌സ് കാഴ്ചവെച്ചത്. മൂന്ന് സിക്‌സും ഒരു ഫോറും സഹിതം കത്തിക്കയറിയ കമിന്‍സിനെ 14-ാം ഓവറില്‍ കാമറോണ്‍ ഗ്രീനാണ് പുറത്താക്കിയത്. സിറാജിനായിരുന്നു ക്യാച്ച്. ടീം സ്‌കോര്‍ 141-ല്‍ നില്‍ക്കേ, എട്ടാമതായി ഭുവനേശ്വര്‍ കുമാറും മടങ്ങി. ഇത്തവണയും കാമറൂണ്‍ പന്തെറിഞ്ഞു, സിറാജ് ക്യാച്ച് ചെയ്തു.

തുടര്‍ന്നുള്ള നാലോവറുകളില്‍ ഷഹ്ബാദസ് അഹ്‌മദും ജയ്‌ദേവ് ഉനദ്കട്ടും ചേര്‍ന്ന് 30 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. ഇതോടെ നിശ്ചിത 20 ഓവറില്‍ ഹൈദരാബാദ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. പത്ത് പന്തില്‍ എട്ട് റണ്‍സ് നേടിയ ജയ്‌ദേവ് ഉനദ്കട്ടും പുറത്താവാതെ നിന്നു. ബെംഗളൂരുവിനായി കാമറോണ്‍ ഗ്രീന്‍, കരണ്‍ ശര്‍മ, സ്വപ്‌നില്‍ സിങ് എന്നിവര്‍ രണ്ടും വില്‍ ജാക്‌സ്, യഷ് ദയാല്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!