KSDLIVENEWS

Real news for everyone

വടകരയിൽ വോട്ടിങ് ഇഴയുന്നു; 4 മണിക്കൂറോളം കാത്തിരിപ്പ്, ഗൂഢാലോചന സംശയിക്കുന്നുവെന്ന് കെ.കെ. രമ

SHARE THIS ON

കോഴിക്കോട്: വടകര മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടുരേഖപ്പെടുത്താനുള്ള കാത്തിരിപ്പ് നാലുമണിക്കൂറോളം നീളുന്നതായി പരാതി. പലരും വോട്ടുചെയ്യാതെ മടങ്ങുകയാണ്. വരി അനങ്ങുന്നില്ലെന്നാണ് വോട്ടർമാർ പറയുന്നത്. വോട്ടിങ് രാത്രി ഒമ്പതുവരെ നീളാമെന്നാണ് വിലയിരുത്തൽ. വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കിയില്ലെന്നാണ് വോട്ടർമാരുടെ പരാതി. പലരും തലചുറ്റി വീണെന്നും ഇവർ പറയുന്നു. കുറവ് ബൂത്തുകളും ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് പ്രതിസന്ധി വർധിപ്പിച്ചത് എന്നാണ് ആരോപണം. പരാതിപ്പെട്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരോട് ദൈവത്തോടോ എന്നായിരുന്നു ഒരു വോട്ടറുടെ മറുപടി.
സമാന പരാതിയുമായി കെ.കെ.രമ എംഎൽഎ രംഗത്തെത്തിയിരുന്നു. ഒരാൾ വോട്ടുരേഖപ്പെടുത്താൻ എടുക്കുന്ന സമയം കൂടുന്നുവെന്നും നിരവധിപേർ ക്യൂവിൽ നിൽക്കുകയാണെന്നും അവർ പറഞ്ഞു. ഈ കാരണത്താലാണ് വടകരയിലെ വോട്ടിങ് ശതമാനം കുറയുന്നത്.
എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. സ്ത്രീകടളക്കം പല ബൂത്തുകളിലും മടങ്ങിപോകുകയാണ്. വരണാധികാരിയെ ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു മറുപടി. രാത്രി പത്തുമണി ആയാലും വോട്ടിങ് അവസാനിക്കില്ലെന്നാണ് തോന്നുന്നതെന്നും തിരികെപോയ പലരേയും തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്ത അവസ്ഥയാണ് വടകരയിൽ. ഉദ്യോഗസ്ഥൻമാർ നടപടിക്രമങ്ങൾ വളരെ മന്ദഗതിയിലാണ് ചെയ്യുന്നത്. വോട്ടിങ് കഴിഞ്ഞാലുള്ള ശബ്ദം ഏഴു സെക്കൻഡിൽ കൂടുതൽ കഴിഞ്ഞാണ് വരുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നെന്ന സംശയമുണ്ടെന്നും രമ ആരോപിച്ചു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി എന്ന് വടകരയിലെ ഇടതുസ്ഥാനാർഥി കെകെ ശൈലജയും പറഞ്ഞു. വൈകീട്ട് 05.05 വരെ 61.13 ശതമാനം വോട്ടുകളാണ് വടകര മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!