കണ്ണീരണിഞ്ഞ് റഫറിയുടെ വാര്‍ത്താസമ്മേളനം; ബാഴ്‌സയ്‌ക്കെതിരായ ഫൈനൽ മത്സരത്തിലെ റഫറിയെ മാറ്റണമെന്ന് റയൽ

ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടുന്ന കോപ്പ ഡെല്‍ റേ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. എന്നാല്‍, മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വിവാദങ്ങളും അതുവഴി വലിയ അനിശ്ചിതത്വവുമാണ് മത്സരത്തെ ചുറ്റിപ്പറ്റി ഉടലെടുത്തിരിക്കുന്നത്.
മത്സരം നിയന്ത്രിക്കാന്‍ നിശ്ചയിക്കപ്പെട്ട റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസ് ബെന്‍ഗോറ്റ്‌സെയ വികാരാധീനനായി നടത്തിയ ഒരു വാര്‍ത്താ സമ്മേളനമാണ് വിവാദങ്ങള്‍ക്ക് തുടക്കം. കോപ്പ ഡെല്‍ റേ ഫൈനലിന് മുമ്പായി റയല്‍ മാഡ്രിഡ് ടിവി (ആര്‍എംടിവി) റിക്കാര്‍ഡോ മുമ്പ് റയലിനെതിരായ മത്സരത്തിലും മറ്റ് മത്സരങ്ങളിലും വരുത്തിയ പിഴവുകളേക്കുറിച്ചുള്ള ഒരു വീഡിയോ പരമ്പര സംപ്രേഷണം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മത്സരത്തിന് മുമ്പായി താന്‍ നേരിടുന്ന കടുത്ത സമ്മര്‍ദത്തെക്കുറിച്ച് പത്രസമ്മേളനത്തിനിടെ റിക്കാര്‍ഡോ വികാരാധീനനായത്. ഒരു മത്സരത്തിനു മുമ്പ് കാണികളെ അഭിസംബോധന ചെയ്ത് റഫറിമാര്‍ പത്രസമ്മേളനം നടത്തുന്നത് അസാധാരണമായ കാര്യമാണ്.
വീഡിയോ തന്നെയും തന്റെ കുടുംബത്തെയും എങ്ങനെ ബാധിച്ചു എന്നതിനേക്കുറിച്ച് സംസാരിച്ചപ്പോള്‍ റിക്കാര്‍ഡോയ്ക്ക് കണ്ണീരടക്കാനായില്ല. ”നിങ്ങളുടെ മകന്‍ സ്‌കൂളില്‍നിന്ന് തിരിച്ചെത്തുമ്പോള്‍ മറ്റ് കുട്ടികള്‍ അവനോട് അവന്റെ അച്ഛന്‍ ഒരു കള്ളനാണെന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ അനുഭവിപ്പിക്കാന്‍ അവര്‍ ഒരു അവകാശവുമില്ല. ഇത് ചുമ്മാ പ്രൊഫഷണലുകള്‍ തമ്മിലുള്ള കാര്യം മാത്രമല്ല. ധാരാളം കുടുംബങ്ങള്‍ ഇതിനെ ആശ്രയിച്ചിരിക്കുന്നു. എല്ലാവരും തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കാന്‍ കുറച്ച് സമയമെടുക്കണം’, റിക്കാര്‍ഡോ പറഞ്ഞു.
കോപ്പ ഡെല്‍ റേ ഫൈനലിലെ വിഎആര്‍ (വാര്‍) ഒഫീഷ്യലായ പാബ്ലോ ഗോണ്‍സാലസ് ഫ്യൂവെന്റസും ആര്‍എംടിവിയുടെ നടപടികളെ വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ഓണ്‍ലൈന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫറിയുടെ പരസ്യ പ്രതികരണത്തില്‍ രോഷാകുലരായ റയല്‍ മാഡ്രിഡ്, റിക്കാര്‍ഡോ ഡി ബര്‍ഗോസ് ബെന്‍ഗോറ്റ്‌സെയയുടെ പത്രസമ്മേളനത്തിനു പിന്നാലെ മത്സരത്തിലെ റഫറിയിങ് ടീമിനെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനും പരിശീലകനും ഒരു താരവും പങ്കെടുക്കേണ്ട വാര്‍ത്താ സമ്മേളനവും അടക്കമുള്ള എന്ന പ്രവൃത്തികളും റയല്‍ ബഹിഷ്‌കരിച്ചു. പിന്നാലെ റയല്‍ ഫൈനല്‍ മത്സരം ബഹിഷ്‌കരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അത്തരമൊരു നീക്കത്തിലേക്ക് തങ്ങള്‍ പോകില്ലെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
റയല്‍ മാഡ്രിഡിനെതിരേ ഈ മാച്ച് റഫറിമാര്‍ക്ക് വ്യക്തവും പ്രകടവുമായ ശത്രുതയും വിദ്വേഷവും ഉണ്ടെന്നാണ് ക്ലബ്ബിന്റെ ആരോപണം. ഇക്കാര്യത്തില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനും റഫറിയിങ് കമ്മിറ്റിയും ഇടപെടണമെന്നും റയല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കാര്യങ്ങളുടെ ചുമതലയുള്ളവര്‍ അതിനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റയല്‍ വ്യക്തമാക്കി.
അതേസമയം, ക്ലബ്ബുകളുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരേ റഫറിമാര്‍ കൂട്ടായ നടപടിക്ക് ഒരുങ്ങുകയാണെന്ന് വിഎആര്‍ ഒഫീഷ്യലായ പാബ്ലോ ഗോണ്‍സാലസ് ഫ്യൂവെന്റസ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഇനിയും സഹിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.