KSDLIVENEWS

Real news for everyone

ഒന്നല്ല രണ്ടല്ല, ഇരട്ടകള്‍ 19; ജന്മം കൊണ്ടും രൂപ സാദൃശ്യം കൊണ്ടും വെള്ളിക്കോത്ത് സ്‌കൂളില്‍ ‘ഇരട്ടവിസ്മയം’

SHARE THIS ON

വെള്ളിക്കോത്ത്: നവദേവ് ഉത്തരം പറയൂ… അധ്യാപിക മുന്നിലിരിക്കുന്ന കുട്ടിയെ ചൂണ്ടി പറഞ്ഞപ്പോൾ തൊട്ടുപിറകിലെ ബെഞ്ചിലിരിക്കുന്ന കുട്ടി എഴുന്നേറ്റ് നിൽക്കുന്നു… ക്ലാസിൽ അടക്കിപ്പിടിച്ചുള്ള കൂട്ടച്ചിരി. ഇവിടെ കുട്ടികളെ പഴിപറഞ്ഞിട്ട് കാര്യമില്ല. തെറ്റുപറ്റിയത് അധ്യാപികയ്ക്കാണ്. ഇരട്ടസഹോദരനായ ശ്രീദേവിനെ ചൂണ്ടിയാണ് അധ്യാപിക നവദേവിൽനിന്നുള്ള ഉത്തരം പ്രതീക്ഷിച്ചത്. പിന്നെങ്ങനെ കുട്ടികൾ ചിരിക്കാതിരിക്കും. ജന്മംകൊണ്ടും രൂപംകൊണ്ടും സാദൃശ്യരായ ഇരട്ടകൾ ക്ലാസിൽ എപ്പോഴും അധ്യാപകർക്ക് രസമുള്ള തലവേദനയാണ്. ഇത്തരത്തിൽ ഒന്നും രണ്ടുമല്ല, 19 ഇരട്ടകളും ഒരേസമയം ജനിച്ച മൂന്ന് സഹോദരങ്ങളും വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരെ ‘കുഴക്കു’ന്നത്. ഒന്നാംതരം മുതൽ ഹയർസെക്കൻഡറി വരേയുള്ള സ്കൂളിൽ അഞ്ചുമുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിലാണ് 20 ഇരട്ടകളുള്ളത്. ഇത് അപൂർവമാണെന്ന് അധ്യാപകർ പറയുന്നു. ആൺകുട്ടിയും പെൺകുട്ടിയും ചേർന്ന ഇരട്ടകളും ഒരേ ഗണത്തിൽപ്പെട്ട ഇരട്ടകളും കൂട്ടത്തിലുണ്ട്. മൂന്ന് സഹോദരങ്ങളിൽ രണ്ടുപേർ പെൺകുട്ടികളും മറ്റേയാൾ ആൺകുട്ടിയുമാണ്. പ്രാർഥനയും പ്രതീക്ഷയും പ്രതീവുമാണ് ഈ പത്താംതരക്കാർ. ഏഴാംതരത്തിൽ ആറ് ഇരട്ടകളാണ്. മാവുങ്കാലിൽനിന്നുമെത്തുന്ന അനന്യയും അനാമികയ്ക്കും കൂട്ട് വേലാശ്വരത്ത് നിന്നുമെത്തുന്ന ആദിത്യനും അനന്യയും മാത്രമല്ല, അടോട്ടെ ദിൽനയും ദിൽഷയും മാവുങ്കാലിലെ ശിവസൂര്യയും ശിവകാർത്തികും കാരക്കുഴിയിലെ ആദിദേവും ആദിശങ്കരനും ഏഴാംതരക്കാരാണ്. കിഴക്കേ വെള്ളിക്കോത്തെ അനന്യയും അഞ്ജനയും കാരക്കുഴിയിലെ ആരാധനയും ആദർഷണയും മഡിയനിലെ നിവേദ്യയും നവ്യശ്രീയും കിഴക്കുംകരയിലെ മേഘയും മേധയും ഇത്തവണ പത്താംതരം കടമ്പ കടക്കാൻ കാത്തിരിക്കുന്നവരാണ്. പൊയ്യക്കരയിലെ മീരനന്ദയും ആര്യനന്ദയും മാക്കരംകോട്ടെ അനന്യയും അതുല്യയും സ്കൂളിനു സമീപത്തെ ശ്രീനാഥും ഹരിനാഥും പുതിയകണ്ടത്തെ ശിവനാഥും ദേവനാഥും വീണച്ചേരിയിലെ ശ്രീയയും ശ്രേയയും മാവുങ്കാലിലെ ശിവദയും ശിവനന്ദയും ധനഞ്ജയും ദ്വിദ്വിൻജയും നാലപ്പാടത്തെ ദേവികയും ദേവനാഥും രാവണേശ്വരത്തെ ദേവഷ്മിയും ദേവർഷുമാണ് വിദ്യാലയത്തിലെ മറ്റ് ഇരട്ടകൾ. സഹോദരങ്ങളെ അപക്ഷിച്ച് മാനസികമായി കൂടുതൽ അടുപ്പവും സ്നേഹവും കരുതലും പ്രദർശിപ്പിക്കുന്ന ഇരട്ടകൾക്ക് സ്കൂൾ ജീവിതത്തിൽ മാത്രമാണ് പലപ്പോഴും ഒന്നിച്ച് പഠിക്കാൻ അവസരം കിട്ടുന്നത്. ഉപരിപഠനത്തിൽ അധികവും പല സ്ഥാപനങ്ങളിൽ പഠിക്കേണ്ട അവസ്ഥയുണ്ടാകും. അതുകൊണ്ടുതന്നെ ഇരട്ടകളെ സംബന്ധിച്ച് സ്കൂൾ പഠനകാലം എന്നും അവരുടെ ജീവിതത്തിലെ ഒരു സുവർണകാലമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!