ചിലിയെ കീഴടക്കി അര്‍ജന്റീന ക്വാര്‍ട്ടറില്‍

ന്യൂജേഴ്സി: കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍. ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. ലൗട്ടാറോ മാര്‍ട്ടിനസാണ് ലക്ഷ്യം കണ്ടത്. 86-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ഡി മരിയയില്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്. മികച്ച നീക്കങ്ങള്‍ നടത്തി മുന്നേറാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല. 21-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ നിന്നുള്ള അല്‍വാരസിന്റെ ഷോട്ട് ബ്രാവോ കൈപ്പിടിയിലൊതുക്കി. കളി മെനയാന്‍ മെസ്സി മധ്യഭാഗത്തേക്കിറങ്ങി കളിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ചിലിയന്‍ പ്രതിരോധം ഭേദിച്ച് മുന്നേറാന്‍ അര്‍ജന്റീനയ്ക്കായില്ല. മറുവശത്ത് ചിലിയ്ക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് ഉതിര്‍ക്കാന്‍ പോലുമായില്ല. പന്തടക്കത്തിലും പാസിങ്ങിലും മെസ്സിപ്പടയാണ് മുന്നിട്ടു നിന്നത്. 36-ാം മിനിറ്റില്‍ മെസ്സിയുടെ ഷോട്ട് പുറത്തുപോയി. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയില്‍ അര്‍ജന്റീന ഉണര്‍ന്നു കളിച്ചു. ഗോള്‍ കണ്ടെത്താന്‍ നിരനിരയായി ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. നിക്കോ ഗോണ്‍സാലസിന്റെ ഷോട്ട് ചിലിയന്‍ ഗോളി ക്ലോഡിയോ ബ്രാവോ തട്ടിയകറ്റി. മക് അലിസ്റ്ററിന് മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. പിന്നാലെ ലൗട്ടാറോ മാര്‍ട്ടിനസിനേയും ഡിമരിയയേയും സ്കലോണി കളത്തിലിറക്കി. ഒടുക്കം അതിന് ഫലമുണ്ടായി. 86-ാം മിനിറ്റില്‍ അര്‍ജന്റീന ലക്ഷ്യം കണ്ടു. കോര്‍ണറിനൊടുക്കം ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ലൗട്ടാറോ മാര്‍ട്ടിനസ് വലകുലുക്കി. ചിലിയുടെ മുന്നേറ്റങ്ങളെ അവസാനനിമിഷം പ്രതിരോധിച്ചതോടെ അര്‍ജന്റീന വിജയത്തോടെ മടങ്ങി.

