കനത്ത മഴ; മംഗളൂരു ഉള്ളാളില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് കുടുംബത്തിലെ നാല് പേര് മരിച്ചു
ഉള്ളാൾ: കനത്ത മഴയില്‍ മംഗളൂരു ഉള്ളാളില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം കുടുംബത്തിലെ നാല് പേര് മരിച്ചു. ഉള്ളാള്‍ മുണ്ണൂര്‍ മദനി നഗറിലെ യാസിര്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ രിഫാന്‍ (17), രിഫാന (11) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
മതില് തകര്‍ന്ന് വീണതിന് പിന്നാലെ വീടിന് മുകളിലേക്ക് മരവും കടപുഴകിവീണു. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാല് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. അഗ്നിരക്ഷാസേനയും, നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇവരുടെ മൂത്ത മകള്‍ റഷീന കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്റെ സ്വദേശമായ കേരളത്തിലേക്ക് മടങ്ങിയത്. സംഭവമറിഞ്ഞ് റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കര്‍ണാടകയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.