KSDLIVENEWS

Real news for everyone

ഫ്രാന്‍സിലെ റെയില്‍ ആക്രമണം: ഒളിമ്പിക്‌സിന് എത്തുന്നവരേയും ബാധിക്കും, പ്രതിസന്ധി ഒരാഴ്ചനീണ്ടേക്കും

SHARE THIS ON

പാരീസ്: ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്നെ ഫ്രാന്‍സിലെ അതിവേഗ റെയില്‍ സംവിധാനത്തിനു നേരെയുണ്ടായ തീവെപ്പ് ഉള്‍പ്പെടെയുള്ള ആക്രമണം കടുത്ത ആശങ്ക ഉയര്‍ത്തുന്നതാണ്. ഉദ്ഘാടനത്തിന്റെ മണിക്കൂറുകള്‍ക്ക് മാത്രം മുന്നെ, കായിക താരങ്ങളും കാണികളും ഒളിമ്പിക്‌സ് ലക്ഷ്യംവെച്ച് യാത്ര നടത്തുന്ന നിര്‍ണായക സമയംകൂടിയാണിത്. ഈ സമയത്ത് നടക്കുന്ന ആക്രമണം ഒളിമ്പിക് ഗെയിംസിന്റെ വിവിധ പരിപാടികളിലേക്കുള്ള പ്രവേശനം സങ്കീര്‍ണമാക്കിയേക്കും.


സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമായി ഫ്രാന്‍സ് റെയില്‍വേ സംവിധാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാലതാമസം നേരിടുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ട്രെയിനുകള്‍ ഇതിനകംതന്നെ റദ്ദാക്കിക്കഴിഞ്ഞു. എട്ട് ലക്ഷത്തോളം പേരുടെ യാത്രകളും തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടുവെന്നും അവയില്‍ത്തന്നെ പലതും റദ്ദാക്കേണ്ടി വന്നേക്കാമെന്നും ഫ്രാന്‍സ് റെയില്‍വേ സംവിധാനമായ എസ്.എന്‍.സി.എഫ്. പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും സ്ഥിതിഗതികള്‍ പഴയപടിയാക്കാന്‍ കുറഞ്ഞത് ഒരാഴ്ച സമയമെടുത്തേക്കുമെന്നും സൂചനകളുണ്ട്.

ഹൈസ്പീഡ് റെയില്‍വേ സംവിധാനത്തിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ ഇതിന് പ്രത്യേക ട്രാക്കാണ്. ഫ്രാന്‍സിനകത്തെ പ്രധാന നഗരങ്ങളിലേക്കും പുറംരാജ്യങ്ങളിലേക്കും നീളുന്നതാണിത്. അതിനാല്‍ത്തന്നെ വൈകീട്ട് നടക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് പല നഗരങ്ങളില്‍നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ ഹൈ സ്പീഡ് ട്രെയിനിനെ ആശ്രയിക്കുന്നവരാണ്. അവരില്‍ മിക്കവരെയും ബാധിക്കുന്നതായിരിക്കും നിലവിലെ ആക്രമണം.

ആസൂത്രിതമായ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഫ്രാന്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എസ്.എന്‍.സി.എഫുമായി ബന്ധപ്പെട്ട് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. തുറന്ന വേദിയില്‍ പ്രാദേശിക സമയം വൈകീട്ട് 8.24നാണ് ഒളിമ്പിക്‌സ് ഉദ്ഘാടനം. നിലവിലെ ആക്രമണം സംഘാടകര്‍ക്കും അധികൃതര്‍ക്കും ഒരു അധിക വെല്ലുവിളിയെക്കൂടി മറികടക്കേണ്ട അവസ്ഥ വന്നെത്തിച്ചിരിക്കുന്നു. സെന്‍ നദിയിലൂടെയാണ് ഒളിമ്പിക് മത്സരാര്‍ഥികള്‍ പാരീസ് വേദിയിലെത്തിച്ചേരുക.

error: Content is protected !!