KSDLIVENEWS

Real news for everyone

തിരച്ചില്‍ നിര്‍ത്തില്ല; പുതിയ സംവിധാനങ്ങള്‍ എത്തിക്കാന്‍ ശ്രമം, ലക്ഷ്യംകാണുംവരെ ദൗത്യം തുടരും

SHARE THIS ON

ഷിരൂർ (കർണാടക): അർജുനെ കണ്ടെത്താൻ വേണ്ടിയുള്ള ശ്രമം തുടരുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലാവസ്ഥ പ്രതികൂലമായതു കൊണ്ട് നാവികസേനാ വിഭാഗങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. എങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള ശ്രമം തുടരാനാണ് കൂട്ടായി എടുത്ത തീരുമാനമെന്ന് മന്ത്രി അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.


കർണാടക എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ, ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എം.കെ. രാഘവൻ എം.പി., കേരളത്തിൽ നിന്നുള്ള എം.എൽ.എമാരായ സച്ചിൻ ദേവ്, എ.കെ.എം. അഷറഫ്, ലിന്റോ ജോസഫ്, പോലീസ് സൂപ്രണ്ട് എന്നിവര്‍ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

രക്ഷാപ്രവർത്തനത്തിന് പുതിയസംവിധാനങ്ങള്‍ എത്തിക്കാനാണ് ശ്രമം. അർജുൻ അടക്കം മൂന്നുപേരെയാണ് ഇനി കിട്ടാനുള്ളത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരും. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. നിലവിലെ കാലാവസ്ഥയിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ അതേപോലെ തുടരും. പുതിയ സാധ്യതകളെക്കുറിച്ചും ആലോചിക്കും- മന്ത്രി പറഞ്ഞു.

നാലാമതായി ലഭിച്ച സിഗ്നലിന്റെ കാര്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് പറഞ്ഞ മന്ത്രി രക്ഷാപ്രവർത്തനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനം നിർത്താൻ പോകുകയാണ് എന്നാൽ ചർച്ചകളും അഭിപ്രായങ്ങളും ഉയർന്നിരുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിൽ നിന്ന് പിറകോട്ട് പോകുന്ന നിലപാടെടുക്കരുത് എന്ന കേരള സർക്കാരിന്റെ അഭിപ്രായം യോഗത്തിൽ കൃത്യമായി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കാര്യങ്ങൾ വിശദമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!