KSDLIVENEWS

Real news for everyone

ഫൈനലിലേക്ക് അടിച്ചുകയറി ഇന്ത്യൻ വനിതകൾ; ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ 10 വിക്കറ്റ് ജയം

SHARE THIS ON

ധാക്ക: വനിത ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെ പത്തുവിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഒരുക്കിയ 81 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടമാകാതെ ഇന്ത്യ 11 ഓവറിൽ അടിച്ചെടുക്കുകയായിരുന്നു. സ്മൃതി മന്ഥാനയുടെ തകർപ്പൻ അർധസെഞ്ച്വറിയാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 39 പന്തിൽ ഒരു സിക്സും ഒമ്പത് ഫോറുമടക്കം 55 റൺസുമായി സ്മൃതി മന്ഥാനയും 28 പന്തിൽ രണ്ട് ഫോറടക്കം 26 റൺസുമായി ഷെഫാലി വർമയും പുറത്താകാതെനിന്നു. വനിത ഏഷ്യാ കപ്പിൽ ഇന്ത്യ ഒമ്പതാം തവണയാണ് ഫൈനലിലെത്തുന്നത്.

ടോസ് നേടി ബാറ്റിങ് ​തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസിലൊതുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്ങിന്റെയും രാധ യാദവിന്റെയും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. രേണുക 10 റൺസും രാധ യാദവ് 14 റൺസും മാത്രം വഴങ്ങിയാണ് മൂന്നുപേരെ വീതം മടക്കിയത്. പൂജ വസ്ത്രകാർ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ നായിക നിഗാർ സുൽത്താനക്കും (51 പന്തിൽ 32), ഷോർന അക്തറിനും (18 പന്തിൽ പുറത്താവാതെ 19) മാത്രമാണ് രണ്ടക്കം കടക്കാനായത്. ദിലാറ അക്തർ (6), മുർഷിദ് ഖാത്തൂൻ (4), ഇഷ്മ തൻജിം (8), റുമാന അഹ്മദ് (1), റബേയ ഖാൻ (1), റിതു മോണി (5), നാഹിദ അക്തർ (0), മറുഫ അക്തർ (പുറത്താവാതെ പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ.

error: Content is protected !!