KSDLIVENEWS

Real news for everyone

ഗസ്സയില്‍ പട്ടിണിമരണം രൂക്ഷം; 24 മണിക്കൂറിനിടെ ഭക്ഷണം കിട്ടാതെ മരിച്ചത് 9 പേര്‍

SHARE THIS ON

തെല്‍ അവിവ്: ഗസ്സയില്‍ തുടരുന്ന പട്ടിണിക്കൊലയുടെ നടുക്കത്തില്‍ ലോകം. സ്ഥിതി ഭയാനകമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ചൂണ്ടിക്കാട്ടി.

ആക്രമണം നിർത്തി സഹായം ലഭ്യമാക്കാൻ വൈകരുതെന്ന് യൂറോപ്യൻ യൂനിയൻ നിര്‍ദേശിച്ചു.

സമ്ബൂർണ ഉപരോധത്തെ തുടർന്ന് ഗസ്സയില്‍ പട്ടിണിമരണം വ്യാപകമാകുന്ന സാഹചര്യത്തില്‍ യുദ്ധം നിർത്തണമെന്ന മുറവിളി ശക്തമായി. പുതുതായി 9 പേർ കൂടി പട്ടിണി കാരണം മരിച്ചതോടെ ആകെ പട്ടിണി മരണം 122 ആയി. പട്ടിണി കിടന്ന് അവശരായ ഫലസ്തീനി കുട്ടികളുടെ ചിത്രങ്ങള്‍ നിരവധി പ്രമുഖർ പങ്കുവെച്ചു. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത കുട്ടികളുടെ വിശപ്പ് സഹിക്കാതെയുള്ള കരച്ചില്‍ അസഹനീയമെന്ന് മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ഭക്ഷണം കാത്തുനിന്ന 16 പേരെ ഇന്നലെ ഇസ്രായേല്‍ സേന വെടിവെച്ചു കൊന്നു.

അതിനിടെ, ഗസ്സയിലേക്ക് വേണ്ടി റഫ അതിർത്തിയില്‍ ട്രക്കുകളില്‍ എത്തിച്ച ഭക്ഷ്യധാന്യങ്ങള്‍ ഇസ്രായേല്‍ സേന നശിപ്പിക്കുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നു. ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ആംനസ്റ്റി ഉള്‍പ്പെടെ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. സഥിതി ഭയാനകമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു. എല്ലാവരുമായും ഏറ്റുമുട്ടുകയാണ് ഹമാസെന്നും ഇസ്രായേലിന്‍റെ പ്രതികരണം എന്താണെന്ന് കാത്തിരിക്കുന്നതായും ട്രംപ് പറഞു.

ഉടൻ ആക്രമണം നിർത്തി ഗസ്സയിലേക്ക് സഹായം ലഭ്യമാക്കണമെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു. വിശപ്പ് ആയുധമാക്കുന്ന സ്ഥിതി ആപത്കരമാണെന്ന് ഇയു പ്രതികരിച്ചു. ദോഹ വെടിനിർത്തല്‍ ചർച്ച റദ്ദാക്കി സംഘങ്ങളെ മടക്കി വിളിച്ച അമേരിക്കയുടെയും ഇസ്രായേലിന്‍റെയും നടപടിക്കെതിരെയും വിമർശനം ഉയർന്നു. ഹമാസിന്‍റെ നിഷേധാത്മക നിലപാടാണ് നടപടിക്ക് പിന്നിലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും കുറ്റപ്പെടുത്തല്‍. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹമാസ് പ്രതികരിച്ചു. ചർച്ച പൂർണമായും പരാജയപ്പെട്ടുവെന്ന മാധ്യമ വാർത്തകള്‍ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും തള്ളി. ബന്ദിമോചനത്തിന് തുരങ്കം വെച്ച നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ പ്രക്ഷോഭം ശക്തമായി. യെമനിലെ ഹൂതികള്‍ ഇസ്രായേലിന് നേർക്ക് വീണ്ടും മിസൈല്‍ അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!