KSDLIVENEWS

Real news for everyone

നിലയുറപ്പിച്ച് ബേണ്‍സും ഹമീദും; 42 റണ്‍സ് ലീഡോടെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍

SHARE THIS ON

ലീഡ്സ്: ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ സമ്പൂർണ ആധിപത്യം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ വെറും 78 റൺസിന് എറിഞ്ഞിട്ട ഇംഗ്ലണ്ട് ആദ്യ ദിനം കളിയവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 42 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി.

അർധ സെഞ്ചുറിയുമായി ഓപ്പണർമാരായ റോറി ബേൺസും ഹസീബ് ഹമീദും തിളങ്ങിയതോടെ ഇംഗ്ലണ്ട് ആദ്യ ദിനം തന്നെ മത്സരത്തിൽ ആധിപത്യം നേടി. 125 പന്തിൽ നിന്ന് 52 റൺസുമായി ബേൺസും 130 പന്തിൽ നിന്ന് 58 റൺസുമായി ഹമീദും ക്രീസിലുണ്ട്.


നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40.4 ഓവറിൽ 78 റൺസിന് കൂടാരം കയറി. ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസർ ജെയിംസ് ആൻഡേഴ്സനും ക്രെയ്ഗ് ഓവർടണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഒലെ റോബിൻസണും സാം കറനും ചേർന്നാണ് ഇന്ത്യയെ തകർത്തത്. എട്ട് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങിയാണ് ആൻഡേഴ്സൻ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

105 പന്തിൽ നിന്ന് 19 റൺസെടുത്ത ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. രഹാനെ 54 പന്തിൽ നിന്ന് 18 റൺസെടുത്തു. മറ്റാർക്കും തന്നെ രണ്ടക്കം കടക്കാനായില്ല. കളിയാരംഭിച്ച് ആദ്യ ഓവറിൽ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെ (0) ആൻഡേഴ്സൻ മടക്കി. അഞ്ച് ഓവർ തികയും മുമ്പ് ചേതേശ്വർ പൂജാരയും (1) പുറത്ത്. പിന്നാലെ 11-ാം ഓവറിൽ ക്യാപ്റ്റൻ വിരാട് കോലിയും (7) ആൻഡേഴ്സന് മുന്നിൽ വീണു.


തുടർന്ന് 53 പന്തുകൾ പ്രതിരോധിച്ച അജിങ്ക്യ രഹാനെയെ (18) ഒലെ റോബിൻസൺ മടക്കിയതോടെ ഇന്ത്യ നാലിന് 56 എന്ന നിലയിലായി. തുടർന്നെത്തിയ ഋഷഭ് പന്തിനും പിടിച്ചുനിൽക്കാനായില്ല. രണ്ടു റൺസെടുത്ത പന്തിനെ റോബിൻസൺ മടക്കി. 104 പന്തുകളോളം ഇംഗ്ലീഷ് ബൗളിങ്ങിനെ പ്രതിരോധിച്ച രോഹിത് ശർമ ആറാമനായാണ് പുറത്തായത്. 19 റൺസെടുത്ത രോഹിത്തിനെ ക്രെയ്ഗ് ഓവർടണാണ് മടക്കിയത്. തൊട്ടടുത്ത പന്തിൽ മുഹമ്മദ് ഷമിയേയും ഓവർടൺ പുറത്താക്കി.

കാര്യമായ പ്രതിരോധമില്ലാതെ രവീന്ദ്ര ജഡേജയും (4) മടങ്ങി. താരത്തെ സാം കറൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ജസ്പ്രീത് ബുംറയേയും കറൻ വിക്കറ്റിന് മുന്നിൽ കുടുക്കി. മൂന്ന് റൺസെടുത്ത സിറാജ് 41-ാം ഓവറിൽ വീണതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് ജയിച്ചതിന്റെ ആശ്ചര്യം കോലി പങ്കുവെയ്ക്കുകയും ചെയ്തു. തുടർച്ചയായി എട്ടു മത്സരങ്ങളിൽ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോലി ഒരു ടോസ് ജയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!