KSDLIVENEWS

Real news for everyone

ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ 5ജി ലഭ്യമാകുക ഈ നഗരങ്ങളില്‍

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വിവിധ സേവനദാതാക്കള്‍ മുന്നോട്ട് പോകുകയാണ്. മൂന്ന് വര്‍ഷത്തിനകം രാജ്യത്ത് എല്ലായിടത്തും സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 29 ന് 5ജി സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ (IMC) ഉദ്ഘാടനവും അന്ന് തന്നെയാണ്. നേരത്തെ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തില്‍ 5ജി സേവനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ടെലികോം കമ്ബനികള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

രാജ്യത്ത് ആദ്യഘട്ടത്തില്‍ 5ജി സേവനം ലഭ്യമാക്കാന്‍ 13 നഗരങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാം നഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ- എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5ജി സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ പദ്ധതി. കേരളത്തിലെ ഒരു നഗരവും ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റ നെറ്റ് വര്‍ക്ക്, വോഡഫോണ്‍-ഐഡിയ തുടങ്ങിയ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നായി 17,876 കോടി രൂപയാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ലേലത്തില്‍ ലഭിച്ചത്. ആഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്പെക്‌ട്രം ലേലത്തില്‍ 1,50,173 കോടി രൂപയുടെ സ്പെക്‌ട്രം വിറ്റഴിച്ചു. ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്പെക്‌ട്രം ലേലമായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്നത്.

72097.85 മെഗാഹെര്‍ട്സ് സ്പെക്‌ട്രം ആണ് ലേലത്തില്‍ വച്ചത്. 20 കൊല്ലത്തേക്കാണ് സ്പെക്‌ട്രം നല്‍കുക. 87946 കോടി രൂപയാണ് ജിയോ ചിലവാക്കിയത്. എയര്‍ടെല്‍ 43000 കോടിയും വോഡഫോണ്‍ ഐഡിയ 19000 കോടി രൂപയും അദാനി എന്റര്‍പ്രൈസസ് 215 കോടി രൂപയും ചിലവാക്കി.

ആഗസ്റ്റ് 29ന് നടക്കുന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ 5ജി, ജിയോഫോണ്‍ 5ജി എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!