തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 147 പോളിങ് സ്റ്റേഷനുകളുടെ പേരുകൾ മാറും

കാസർകോട്: തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിൽ 147 പോളിങ് സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. കാസർകോട് മണ്ഡലത്തിലാണ് ഏറെയും പോളിങ് സ്റ്റേഷനുകളുടെ പേരുകൾ മാറുന്നത്. കാസർകോട് 54, ഉദുമ 53, മഞ്ചേശ്വരം 20, കാഞ്ഞങ്ങാട് 12, തൃക്കരിപ്പൂർ 8 പോളിങ് സ്റ്റേഷനുകളുടെ പേരുകളാണു മാറുന്നത്. ജില്ലയിൽ 25 പോളിങ് സ്റ്റേഷനുകൾ സ്ഥലം മാറുകയും 82 പോളിങ് സ്റ്റേഷനുകൾ മറ്റൊരു കെട്ടിടത്തിലേക്കും മാറുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ പോളിങ് സ്‌റ്റേഷനുകളുടെ മാറ്റം സംബന്ധിച്ച് ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാരായ തഹസിൽദാർമാർ സമർപ്പിച്ച റിപ്പോർട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം അംഗീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ കെ.ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ബൂത്ത് ലവൽ ഓഫിസർമാരുടെ പ്രവർത്തനം യോഗത്തിൽ വിലയിരുത്തി.എഡിഎം കെ.നവീൻ ബാബു, സബ്കലക്ടർ സൂഫിയാൻ അഹമ്മദ്, അസിസ്റ്റന്റ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ കെ.അജേഷ്, ഡപ്യൂട്ടി കലക്ടർ (എൽ.എ) വി.എൻ.ദിനേഷ് കുമാർ, കാസർകോട് തഹസിൽദാർ എസ്.ഉണ്ണിക്കൃഷ്ണൻ, ഹൊസ്ദുർഗ് തഹസിൽദാർ എൻ.മണിരാജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാർ, കെ.എ.മുഹമ്മദ് ഹനീഫ്, മൂസ ബി. ചെർക്കള എന്നിവർ പ്രസംഗിച്ചു. വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു. മാറുന്ന സ്റ്റേഷനുകൾ (നിയോജക മണ്ഡലം, സ്ഥലം മാറുന്ന പോളിങ് സ്റ്റേഷനുകൾ, മറ്റൊരു കെട്ടിടത്തിലേക്ക് മാറുന്ന സ്റ്റേഷനുകൾ എന്ന ക്രമത്തിൽ) കാസർകോട് 2 11 ഉദുമ 5 13 കാഞ്ഞങ്ങാട് 4 24 തൃക്കരിപ്പൂർ 7 15″

