സിനിമാ മേഖലയിൽ ആരോപണങ്ങൾക്ക് പിന്നാലെ വീണ്ടും ആരോപണങ്ങൾ, പ്രതിസ്ഥാനത്ത് പ്രമുഖർ; പ്രഖ്യാപിച്ച അന്വേഷണം പുതിയൊരു ഘട്ടത്തിലേക്ക്
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായെങ്കിലും പുറത്തുവന്നതോടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടതുപോലെയാണ് ആരോപണങ്ങളുടെ പ്രവാഹം. നടൻ സിദ്ദിഖും സംവിധായകൻ രഞ്ജിത്തും അടക്കമുള്ളവർക്കുനേരെ ഉയർന്ന ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിൽ എത്തിനിൽക്കുന്നു സംഭവങ്ങളുടെ നാൾവഴികൾ. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെ സിനിമാ മേഖലയിലെ സംഭവവികാസങ്ങൾ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
ഐ.ജി. സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ, ഉയർന്ന വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നൽകുന്നതായി ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എ.ഡി.ജി.പി. എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പുതുതായി ഉയർന്ന വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായിരിക്കും പ്രാഥമികഘട്ടത്തിൽ ഈ സംഘം അന്വേഷിക്കുക. ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പുറത്തുവിടാത്ത ഭാഗങ്ങളിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും സ്ത്രീകൾ നേരിട്ട പ്രശ്നങ്ങളും ഈ അന്വേഷണത്തിന്‍റെ പരിധിയിൽ വരില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒന്നാം പിണറായി സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപവത്കരിക്കപ്പെട്ട നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യുടെ ആവശ്യപ്രകാരമായിരുന്നു ഇത്തരമൊരു നടപടിയിലേക്ക് സർക്കാർ എത്തുന്നത്.
2017- ജൂൺ 6-ന് ആയിരുന്നു റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയും സിനിമാ താരം ശാരദ, റിട്ടയേഡ് ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വല്‍സലകുമാരി എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റിയെ നിശ്ചയിക്കുന്നത്. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കമ്മിറ്റിക്ക് നിർദേശം. നിശ്ചിത സമയത്തുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ കാലാവധി ദീർഘിപ്പിച്ചു നൽകി. തുടർന്ന് 2019 ഡിസംബർ 31-ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കപ്പെട്ടു.
കമ്മിറ്റി രൂപീകരണ സമയത്തുടലെടുത്ത പ്രത്യേക സാഹചര്യങ്ങളുടെ അലയൊലികളൊഴിഞ്ഞപ്പോൾ റിപ്പോർട്ട് പെട്ടിക്കുള്ളിലായി. എന്തൊക്കെ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ടെന്നോ, എന്തൊക്കെയാണ് റിപ്പോർട്ടിൽ പറയുന്നതെന്നോ പിന്നെ പുറം ലോകമറിയുന്നത് നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം. അതും നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ സുപ്രധാന ഭാഗങ്ങളൊക്കെ വെട്ടിക്കളഞ്ഞ് ഭാഗികമായ പേജുകൾ മാത്രം.
എങ്കിലും, ഹേമാ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തു വന്നതോടെയാണ് മലയാള സിനിമാ മേഖലയിൽ നടക്കുന്ന വലിയ ‘മാഫിയ പ്രവർത്തനത്തിന്റെ’ ചെറുഭാഗം ജനങ്ങളിൽ എത്തിയത്. റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന പേരുകൾ ഏതൊക്കെയെന്ന് ഇനിയും വ്യക്തമല്ലെങ്കിലും നിരവധി കോണുകളിൽനിന്ന് നടിമാർ തങ്ങൾ നേരിട്ട ദുരനുഭവങ്ങളും ചൂഷണങ്ങളും പുറത്തുപറയാൻ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
സംവിധായകൻ രഞ്ജിത്തിനെതിരേയാണ് ഇത്തരത്തിൽ ആദ്യം ആരോപണം ഉയർന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രജ്ഞിത്ത് തനിക്കുനേരെ മോശമായി പെരുമാറി എന്ന ആരോപണം ഉന്നയിച്ചത്. 2009-ൽ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം രഞ്ജിത്ത് നിഷേധിച്ചിരുന്നു.
ആദ്യഘട്ടത്തിൽ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ നിലപാട്. പരാതിക്കാരിയുടെ പരാതി ലഭിച്ചാൽ മാത്രമേ അന്വേഷണം നടത്താൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ പല സാഹചര്യത്തിലും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേ സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കമുള്ളവയിൽ ആരോപണങ്ങളുയർന്നപ്പോൾ സംരക്ഷിക്കുന്ന നിലപാടായിരുന്നുസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഇത്തവണയും ആദ്യഘട്ടത്തിൽ സമാനരീതിയിലുള്ള സമീപനമായിരുന്നു ഉണ്ടായത്. എന്നാൽ സ്ത്രീ സംരക്ഷണം മുഖമുദ്രയാക്കി രംഗത്തെത്തിയ സർക്കാർ തന്നെ ഇത്തരത്തിലുള്ള കുറ്റവാളികൾക്ക് കുടപിടിക്കുന്നു എന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ അടക്കം ശക്തമായി. ഒടുവിൽ മന്ത്രി പറഞ്ഞ വാക്കുതിരുത്തി, ബംഗാളി നടിയുടെ ആരോപണത്തിൽ അന്വേഷണം നടത്താമെന്ന് വ്യക്തമാക്കിക്കൊണ്ട് വനിതാ കമ്മിഷനും രംഗത്തെത്തി.
സിദ്ദിഖിനെതിരേ മലയാളി നടി രംഗത്തെത്തിയതോടെയാണ് എഎംഎംഎ-യിൽ പ്രതിസന്ധി ഉടലെടുക്കുന്നത്. സിനിമാ ചർച്ചയ്ക്കായി ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു സിദ്ദിഖിനെതിരായ ആരോപണം. ഹേമ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് പ്രതികരിക്കുന്നതിന് സിദ്ദിഖിന്‍റെ നേതൃത്വത്തിൽ പത്രസമ്മേളനം വിളിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഈ ആരോപണം ഉയർന്നത്. തുടർന്ന് വിവിധ കോണുകളിൽനിന്ന് സിദ്ദിഖിന്‍റെ രാജി ആവശ്യം ഉയരുകയും ഞായറാഴ്ച രാവിലെയോടെ അദ്ദേഹം രാജിവെക്കുകയുമായിരുന്നു. ഇതിനു ശേഷമാണ് രഞ്ജിത്തും ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
പരാതികൾ ഉയർന്നുവന്നിട്ടും പരാതിയുള്ളവർ പരാതിയുമായി രംഗത്തുവന്നാൽ അന്വേഷിക്കാം എന്ന നയമായിരുന്നു സർക്കാരിന്റേത്. ഇത്രയും ആരോപണങ്ങൾ, സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാരിനെതിരേ ശക്തമായ ജനരോഷവും പ്രതിപക്ഷ നിരയിൽനിന്നും സോഷ്യൽ മീഡിയകളിൽനിന്നും ഉയർന്നിരുന്നു. തുടർന്ന് ഗത്യന്തരമില്ലാതെയാണ് പ്രാഥമികാന്വേഷണത്തിന് സർക്കാർ തയ്യാറായത്.
സിദ്ദിഖിനും രഞ്ജിത്തിനും എതിരേ മാത്രമല്ല, ഇപ്പോൾ മറ്റു പല താരങ്ങൾക്കെതിരേയും എഎംഎംഎ മറ്റു ഭാരവാഹികൾക്കെതിരേയും ഇത്തരത്തിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്. എഎംഎംഎ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മോഹൻലാലിന്റെയോ മറ്റ് മുതിർന്ന നടൻമാരുടെയോ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, അമ്മയിൽ നിന്ന് നടിമാരും നടൻമാരും അടക്കമുള്ളവർ വ്യത്യസ്ത ശബ്ദം ഉയർത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച പ്രാഥമിക അന്വേഷണത്തെ അരോപണം ഉന്നയിച്ചവർ എങ്ങനെ സമീപിക്കും എന്നതും മൊഴികളിൽ ഉറച്ചുനിന്ന് നിയമനടപടികളുമായി മുന്നോട്ടുപോകാൻ തയ്യാറാകുമോ എന്നതും പ്രധാനമാണ്.