വിരമിക്കുന്ന എം.വി.ഡി ഉദ്യോഗസ്ഥർക്ക് സ്വർണമോതിരം; ഡ്രൈവിങ് സ്കൂളുകളിൽ നിന്ന് നിർബന്ധിത പണപ്പിരിവ്

തിരുവനന്തപുരം: വിരമിക്കുന്ന മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണമോതിരം നല്‍കാന്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പണപ്പിരിവുനടത്തിയത് ഉള്‍പ്പെടെ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍. എറണാകുളം ജില്ലയിലെ ഒരു സബ് ആര്‍ടിഓഫീസിലെ വിരമിക്കല്‍ച്ചടങ്ങിന് നാലു സ്വര്‍ണമോതിരം വാങ്ങാനാണ് ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരില്‍നിന്നു പണപ്പിരിവുനടന്നത്. ജൂലായ് 19-ന് ഓപ്പറേഷന്‍ വീല്‍സ് എന്നപേരില്‍നടന്ന പരിശോധനയുടെ അന്വേഷണവിവരങ്ങളാണ് വിജിലന്‍സ് പുറത്തുവിട്ടത്.
കുറ്റക്കാരായ 112 ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഭൂരിഭാഗം ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്‌കൂളുകളില്‍ കൃത്യമായി പരിശോധനനടത്താറില്ലെന്നാണ് കണ്ടെത്തല്‍.
മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ലൈസന്‍സില്ലാതെ സ്‌കൂളുകളും പ്രവര്‍ത്തിച്ചു. ഡ്രൈവിങ് പരിശീലനത്തിനും ടെസ്റ്റിനും ഉപയോഗിക്കുന്ന പലവാഹനങ്ങള്‍ക്കും ഫിറ്റ്നസ്, ഇന്‍ഷുറന്‍സ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റുകള്‍ ക്യാമറയിലും പകര്‍ത്തിയിരുന്നില്ല.
മലപ്പുറം ജില്ലയിലെ സബ് ഓഫീസില്‍ അപേക്ഷകര്‍ നേരിട്ട് സമര്‍പ്പിച്ച 384 അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ നിരസിച്ചു. ഹാജര്‍, കാഷ് രജിസ്റ്ററുകള്‍ അപൂര്‍ണമായിരുന്നു. ഇടനിലക്കാര്‍ക്ക് മോട്ടോര്‍വാഹന ഓഫീസുകളില്‍ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കിയിരുന്നില്ല. വയനാട്ടില്‍ അപേക്ഷയോടൊപ്പം ഏജന്റിന്റെ ശുപാര്‍ശക്കത്തും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ബന്ധുക്കളുടെ അക്കൗണ്ടിലേക്കും ജിപേ വഴി കൈക്കൂലിവാങ്ങി.
ഇടനിലക്കാരുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച് ‘മാതൃഭൂമി’ വാര്‍ത്തകള്‍ ശരിവെക്കുന്ന വിവരങ്ങളാണ് പരിശോധനയില്‍ പുറത്തുവന്നത്. അപേക്ഷകര്‍ നേരിട്ട് ഹാജരാകേണ്ടാത്ത ഫേസ്ലെസ് അപേക്ഷകളില്‍ തീരുമാനമെടുക്കാതെ മാറ്റിവെക്കുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.