കോട്ടിക്കുളത്തെ രഹസ്യങ്ങളുടെ നിലവറ തുറന്നു പരിശോധിക്കാന്‍ പുരാവസ്തു വിദഗ്ദ്ധരെത്തി; പൊലീസ് കസ്റ്റഡിയിലുള്ള തോക്കുകളും വാളുകളും പരിശോധിച്ചു

കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളത്തെ അടച്ചിട്ട വീട്ടിനകത്തും കടയിലും സൂക്ഷിച്ചിട്ടുള്ള പുരാവസ്തുക്കളെ കുറിച്ചുള്ള പരിശോധനയ്ക്കായി പുരാവസ്‌തു അധികൃതർ എത്തി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തൃശൂർ മേഖലാ ഓഫീസിലെ പുരാവസ്‌തു വിദഗ്ദ്ധരായ മൂന്നു പേരാണ് കോട്ടിക്കളത്ത് എത്തി പരിശോധന ആരംഭിച്ചത്. ഷട്ടറിട്ട കടയിൽ നിന്നു നേരത്തെ കണ്ടെത്തി ബേക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വാളുകളും തോക്കുകളുമാണ് ആദ്യം പരിശോധിച്ചത്. അതിനു ശേഷം വീട്ടിലും അടച്ചിട്ടിരിക്കുന്ന കടയിലും പരിശോധന നടത്തും. കടതുറന്നുള്ള പരിശോധനയ്ക്കിടയിൽ പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയാൽ സ്ഥലത്തെത്തുന്നതിനു പാമ്പു പിടുത്ത വിദഗ്ദ്ധരെയും തയ്യാറാക്കിയിട്ടുണ്ട്.
ആൾ താമസം ഇല്ലാത്ത വീട്ടിലും കടയിലും സുപ്രധാന പുരാവസ്‌തുക്കൾ ഉൾപ്പെട്ട നിധിശേഖരം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എംവി ശ്രീദാസും സംഘവും ഒരാഴ്‌ച മുമ്പ് നടത്തിയ പരിശോധനയിലാണ് പുരാവസ്‌തു ശേഖരം കണ്ടെത്തിയത്.
പരിശോധനയ്ക്കിടയിൽ പാമ്പ് പ്രത്യക്ഷപ്പെട്ടതോടെ പൊലീസ് ദൗത്യം ഉപേക്ഷിക്കുകയും വീടും കടയും സീൽ ചെയ്യുകയായിരുന്നു. തുടർന്ന് ആർക്കിയോളജി അധികൃതരെ വിവരം അറിയിച്ചു. അതേസമയം കോട്ടിക്കുളത്തെ പുരാവസ്‌തു ശേഖരത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും നാട്ടിൽ പ്രചരിക്കുന്നുണ്ട്. പത്മനാഭ സ്വാമിയുടെ തിരുവായുധങ്ങളും ടിപ്പു സുൽത്താൻ്റെ വാളും കാണിച്ച് സ്ഥലത്തെ ചിലർ കോടികൾ സമ്പാദിച്ചതായുള്ള കാര്യമാണ് പ്രചരിക്കുന്ന കഥകളിൽ പ്രധാനം. എന്നാൽ ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.